രുണയുടെ ജൂബിലി വർഷത്തിൽ 18 ഭൂരഹിതകുടുംബങ്ങൾക്ക് കിടപ്പാടം സമ്മാനിച്ച് കുറവിലങ്ങാട് ഇടവക

Spread the love

കരുണയുടെ ജൂബിലി വർഷത്തിൽ 18 ഭൂരഹിതകുടുംബങ്ങൾക്ക് കിടപ്പാടം സമ്മാനിച്ച് കുറവിലങ്ങാട് ഇടവക ധന്യതയിൽ.. കാരുണ്യജൂബിലിയോട് അനുബന്ധിച്ച് ഇടവകയിൽ ഒരുദിനം ഒരുവീടിന് എന്ന ക്രമത്തിൽ അരലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയിൽ ഭൂരഹിതർക്ക് താങ്ങാകാൻ അവസരം ലഭിക്കാതെ വന്നതോടെയാണ് ഭൂരഹിത പുനരധിവാസത്തിന് വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ ഇടവക ഭൂരഹിതപുരധിവാസമെന്ന ശ്രമം ആരംഭിച്ചത്.

പദ്ധതിയോട് സഹകരിക്കണമെന്ന ആഹ്വാനം ഏറ്റുവാങ്ങി ഒൻപതുപേരാണ് നിലവിൽ രംഗത്തെത്തിയിട്ടുള്ളത്. ഇവർക്കൊപ്പം ചിലർ പദ്ധതിക്ക് ഭാവിയിലേക്ക് സഹകരണവാഗ്ദാനവും നൽകിയിട്ടുണ്ട്. കലമറ്റത്തിൽ ഐസക് ലൂക്കാ, ചേരവേലിൽ സി.ടി. തോമസ്, ചേരവേലിൽ ജോർജ് തോമസ്, എടേട്ട് ബിജു തോമസ്, പുതിയിടം ജോസഫ്, കാരാംവേലിൽ കെ.ജെ. ജോൺ, പൊയ്യാനിയിൽ സിറിയക് ജോസഫ്, മിറ്റത്താനിയിൽ സാബു ജോർജ്, മണിമല ദേവസ്യ ജോസഫ് എന്നിവരാണ് ഭൂമിദാനം നടത്തി ഇടവകയുടെ പദ്ധതിയോട് പിന്തുണയറിയിച്ചിട്ടുള്ളത്. ഇവരിൽ പുതിയിടം ജോസഫ് എട്ട് പേർക്കായി 30 സെന്റ് സ്‌ഥലമാണ് നൽകിയിട്ടുള്ളത്. കലമറ്റത്തിൽ ഐസക് മൂന്ന് പേർക്കായി 9 സെന്റ് സ്‌ഥലവും നൽകിയിട്ടുണ്ട്. മതിയായ യാത്രാസൗകര്യമുള്ളതും ഒരുവിധ നിയമനടപടികളിൽ ഉൾപ്പെടാത്തതുമായ സ്ഥലമാണ് ദാനം ചെയ്തിട്ടുള്ളത്. ആദ്യഘട്ടമായി ലഭിച്ച സ്ഥലം വിവിധ മതസ്ഥരായ ഒൻപത് പേർക്ക് ആധാരം ചെയ്ത് നൽകുകയും ചെയ്തു.

സഹവികാരി ഫാ. ജോർജ് എട്ടുപറയിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഭൂമിദാനത്തിനും കാരുണ്യഭവപദ്ധതിക്കും നേതൃത്വം നൽകുന്നത്. ഇടവകയുടെ പദ്ധതിയോട് സഹകരിച്ച് ഭൂമിദാനം നടത്തിയവരെ നാളെ നടക്കുന്ന കാരുണ്യവർഷ സമാപനസമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിക്കും.