കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ കഴിഞ്ഞ മൂന്നു ദിനങ്ങളിലായി ആത്മീയ ഉണർവേകിയ, മൂന്നുനോമ്പ് തിരുനാളിന് ഇന്നലെ സമാപനമായി. ഇടവകക്കാരുടെ തിരുനാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സമാപനദിനമായിരുന്ന ഇന്നലെ വൻഭക്തജനപ്രവാഹമായിരുന്നു. തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. വലിയപള്ളിയിൽ നിന്നാരംഭിച്ച പ്രദക്ഷിണത്തിൽ മാർ യൗസേപ്പിതാവിന്റെയും ദൈവമാതാവിന്റെയും ഒൗഗേൻ പുണ്യവാളന്റെയും തിരുസ്വരൂപങ്ങളാണ് സംവഹിച്ചത്. മുത്തുക്കുടകളും കൊടിതോരണങ്ങളും വാദ്യമേളവും ഒരുമിപ്പിച്ച് വലിയ ആത്മീയ ആഘോഷത്തിന്റെ അനുഭൂതിനിറച്ചാണ് പ്രദിക്ഷണം നടന്നത്. വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥ്യം തേടി അനേകർ കഴുന്നെടുത്ത് പ്രാർത്ഥിക്കാനുമെത്തിയിരുന്നു. ദൈവമാതാവിന്റെ അനുഗ്രഹം തേടി മുടിയും വ്യാകുലവും എഴുന്നെള്ളിച്ച് പ്രാർത്ഥിക്കുന്നതിനും തിരക്കനുഭവപ്പെട്ടു.
സമാപനദിനമായിരുന്ന ഇന്നലെ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. ഇന്ന് ഇടവകയിലെ മരിച്ചവരുടെ ഓർമദിനമായി ആചരിക്കും. 5.30നും 6.30നും വിശുദ്ധ കുർബാന. 7.30ന് വികാരി റവ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് പുനരുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേക പ്രാർത്ഥനകൾ.