കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ മെയ് ഏഴിന് നടക്കുന്ന ഇടവകദിനത്തിന്റെ മുന്നോടിയായി നാളെ (ഞായർ) ഇടവക ദേവാലയത്തിലും എല്ലാ ഭവനങ്ങളിലും പതാക ഉയർത്തും.
നാളെ രാവിലെ 5.30 നുള്ള വിശുദ്ധ കുർബാനയെ തുടർന്ന് ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ ഇടവകദിന വിളംബരം നടത്തും. തുടർന്ന് റവ.ഡോ. ജോസഫ് തടത്തിൽ പതാക ഉയർത്തും. പതാക ഉയർത്തലിന് ശേഷം ഇടവകയിലെ മുഴുവൻ കുടുംബകൂട്ടായ്മ പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ സോണ്‍ അടിസ്ഥാനത്തിൽ പാരീഷ്ഹാളിൽ സംഗമിക്കും.
ഇടവകയിലെ മുഴുവൻ ഭവനങ്ങളിലേക്കുമുള്ള പതാക കുടുംബകൂട്ടായ്മ ഭാരവാഹികൾക്ക് കൈമാറും. ഇടവകയിലെ എല്ലാ ഭവനങ്ങളിലും നാളെ പതാക ഉയർത്തും. പേപ്പൽപതാകയുടെ രീതിയിൽ വെള്ളയും മഞ്ഞയും നിറങ്ങൾ ചേർത്ത പതാകയിൽ മുത്തിയമ്മയുടെ ചിത്രം ആലേഖനം ചെയ്ത പതാകകളാണ് ഇത്.
നാളെ മുതൽ ഒരാഴ്ചക്കാലം ഈ പതാകകൾ ഇടവകയിലെ എല്ലാ ഭവനങ്ങളിലും ഉയർന്നുനിൽക്കും. ഈ പതാകകളുമായാണ് മുഴുവൻ കുടുംബനാഥന്മാരും ഇടവകദിനത്തിലെ ജപമാല റാലിയിൽ പങ്കെടുക്കുന്നത്. അന്ന് 3.30നാണ് മുഴുവൻ ഇടവകാംഗങ്ങളും അണിചേരുന്ന ജപമാല റാലി ആരംഭിക്കുന്നത്.