കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ ഇടവകദിനാചരണം ചരിത്രസംഭവമാക്കുവാൻ ഒരുക്കങ്ങൾ സജീവമായി.. രാജ്യത്തെത്തന്നെ ഏറ്റവും വലിയ ഇടവകയായ കുറവിലങ്ങാട് ഇടവക, വിപുലമായ ഒരുക്കങ്ങളോടെയാണ് ഇടവക ദിനാഘോഷം നടത്തുന്നത്. 3100ളം കുടുംബങ്ങളുള്ള ഇടവകയുടെ ദിനാചരണം വലിയ ആത്മീയ ആഘോഷമാക്കാനായി വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഇടവകയിലെ 81 കുടുംബകൂട്ടായ്മകളുടെ വാർഷികവും സോണ്‍തല വാർഷികവും പൂർത്തീകരിച്ചാണ് ഇടവകയിലെ വിശ്വാസ സമൂഹം ഒന്നാകെ സംഗമിക്കുന്നത്. സോണ്‍ ഡയറക്ടർമാരായ സഹവികാരിമാരുടെ നേതൃത്വത്തിൽ മൂഴുവൻ ഭവനങ്ങളും സന്ദർശിച്ച് ഭവന വെഞ്ചരിപ്പ് നടത്തിയിരുന്നു.
മേയ് 7നു ഞായറാഴ്ചയാണ് ഇടവക ദിനാചരണം. ദിനാചരണത്തിന് മുന്നോടിയായി ഇടവക ദേവാലയത്തിലും ഇടവകയിലെ മുഴുവൻ ഭവനങ്ങളിലും 30ന് ഞായറാഴ്ച പേപ്പൽ പതാക ഉയർത്തും. ഏഴിന് മുഴുവൻ ഇടവകാംഗങ്ങളും പങ്കെടുക്കുന്ന ജപമാലറാലി ദേവാലയത്തിലേക്ക് നടക്കും. സമൂഹബലി, സമ്മേളനം, സ്നേഹവിരുന്ന്, കലാപരിപാടികൾ എന്നിവയും ഇടവകദിനാചരണത്തിന്റെ ഭാഗമായി നടക്കും.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകും. വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ യോഗപ്രതിനിധികൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, പ്രമോഷൻ കൗണ്‍സിൽ ഭാരവാഹികൾ എന്നിവരെ ഉൾക്കൊള്ളിച്ച് ആരംഭിച്ച കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരുന്നു.