കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ എട്ടുനോമ്പിന്റെ ആറാംദിനമായ ഇന്ന് കുടുംബകൂട്ടായ്മ ദിനമായി ആചരിക്കും. ഇടവകയിലെ 81 കുടുംബകൂട്ടായ്മയുടെ ഭാരവാഹികളെ മുത്തിയമ്മയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കും. ഇന്ന് അഞ്ചിന് തലയോലപറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോണ് പുതുവ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 6.30 ന് നൊവേനയും ജപമാലപ്രദക്ഷിണവും.
എട്ടുനോമ്പിന്റെ അഞ്ചാംദിനമായിരുന്നു ഇന്നലെ, മുത്തിയമ്മയ്ക്കരുകിൽ സമർപ്പിച്ചത് ആയിരത്തിലേറെ വാഹനങ്ങൾ. അപകടരഹിതയാത്ര ഉറപ്പാക്കാനായി മുത്തിയമ്മയുടെ സന്നിധിയിൽ വാഹനങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാൻ ഒട്ടേറെപ്പേരെത്തി. ദേവമാതാ കോളജ് മൈതാനം നിറഞ്ഞുകവിഞ്ഞ വാഹനങ്ങൾ പാരീഷ്ഹാളിന് സമീപത്തുള്ള പാർക്കിംഗ് മൈതാനവും പള്ളിമേടയുടെ സമീപത്തെ മൈതാനങ്ങളും നിറഞ്ഞ് വാഹനങ്ങൾ ആശീർവാദത്തിനായി കാത്തുകിടന്നു. ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ പ്രത്യേക പ്രാർത്ഥനകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ എന്നിവർ വാഹനങ്ങൾ ആശീർവദിച്ചു.
എട്ടുനോമ്പിന്റെ അഞ്ചാംദിനമായിരുന്ന ഇന്നലെ വിശുദ്ധ കുർബാനയർപ്പിച്ച താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ജീവിതാനുഭവങ്ങളിലൂടെ മാതൃഭക്തിയുടെ പ്രചാരകരാകാൻ സന്ദേശം നൽകി. മർത്ത്മറിയം ഫൊറോന സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരി ഫാ. മാത്യു വെങ്ങാലൂർ എന്നിവർ സഹകാർമികരായി.
എട്ടുനോമ്പിന്റെ ഏഴാംദിനമായ നാളെ സമർപ്പണദിനമായി ഭക്തജനങ്ങളെയൊന്നാകെ മുത്തിയമ്മയുടെ സന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കും. 5.00 ന് അതിരമ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
സമാപനദിനമായ എട്ടിന് 9.30ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 11.00 ന് മേരിനാമധാരി സംഗമം. 11.30 ന് ജപമാലപ്രദക്ഷിണം. 12.30 ന് നോമ്പുവീടൽ സ്നേഹവിരുന്ന്.