നവീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ

Spread the love

എ ഡി 335ൽ ലോകത്തിലാദ്യമായി, മാതാവ് പ്രത്യക്ഷപ്പെട്ട് സ്ഥാനനിർണ്ണയം നടത്തിയ സ്ഥലത്തു നിർമ്മിച്ച പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള, കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. നവീകരിച്ച ദേവാലയം 2018 ജനുവരി 21ന് മൂന്നുനോമ്പ് തിരുനാളിന് മുന്നോടിയായി വെഞ്ചരിച്ചു ഭക്തജനങ്ങൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കുന്നതാണ്. തുടർന്നുള്ള ദിവസങ്ങളിൽ മൂന്നുനോമ്പ് തിരുന്നാൾ, ദേശത്തിരുന്നാളുകൾ, പത്താംതീയതി തിരുന്നാൾ തുടങ്ങിയ തിരുന്നാളുകൾ ഭക്ത്യാദിപൂർവ്വം ആഘോഷിക്കും.

നവീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നതോടെ മർത്ത്മറിയം ഫൊറോന പള്ളി കൂടുതൽ മനോഹാരിതയിലേക്ക് നീങ്ങുകയാണ്. പൗരാണികതയും കലാചാതുരിയും ഒളിമങ്ങാതെയാണ് നവീകരണപ്രവർത്തനങ്ങളെന്നത് ഭക്തജനങ്ങൾക്ക് സന്തോഷം സമ്മാനിക്കുന്നു. ഇടവക പൊതുയോഗം ഐകകണ്ഠ്യേനയെടുത്ത തീരുമാനത്തെത്തുടർന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അനുമതിയോടെ ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിലാണ് നവീകരണപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

1960 ൽ ഫാ. തോമസ് മണക്കാട്ട് വികാരിയായിരിക്കെ മദ്ബഹാ ഒഴികെയുള്ള ദേവാലയം പുതുക്കി പണിതിരുന്നു. അതിനുശേഷം ആദ്യമായി രണ്ടുമാസങ്ങൾക്ക് മുമ്പ് തുടങ്ങിവെച്ച നവീകരണപ്രവർത്തങ്ങളാണ് ഇപ്പോൾ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നത്.

പോർച്ചുഗീസ് ബറോക് കലാവൈദഗ്ധ്യം വിളിച്ചോതുന്ന മദ്ബഹാ കൂടുതൽ കമനീയമാക്കിയിട്ടുണ്ട്.
ലൂക്കാ സുവിശേഷകൻ വരച്ച മാതാവിന്റെ ചിത്രത്തിന്റെ തനിപ്പകർപ്പായ ചിത്രം കൂടുതൽ ആകർഷകവും ദൃശ്യവുമായ രീതിയിൽ വടക്കേസങ്കീർത്തിയിൽ പ്രതിഷ്ഠിക്കാനുള്ള പ്രവർത്തനങ്ങളും പൂർത്തീകരണത്തിലാണ്. വിവിധ വിശുദ്ധരുടെ തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് വണങ്ങി പ്രാർത്ഥിക്കുവാൻ കഴിയുംവിധം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദേവാലയത്തിൽ ഉണ്ടായിരുന്നതും കാലപ്പഴക്കത്തിൽ ഭാഗികമാറ്റങ്ങൾ ഉണ്ടായതുമായ സൈഡ് അൾത്താരകളുടെ നവീകരണം പൂർത്തീകരിച്ചു കഴിഞ്ഞു. മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന തെക്കേ സങ്കീർത്തി കൂടുതൽ തേജോമയമാക്കിയിട്ടുണ്ട്.
പ്രധാന അൾത്താരയുടെ മുൻവശത്ത് മുകൾ ഭാഗം ഗ്ലാസ് മൊസൈക്കിനാൽ കമനീയമാക്കിയിട്ടുണ്ട്. ദൈവമാതാവിന്റെ കിരീടധാരണം ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. മുത്തിയമ്മ പ്രത്യക്ഷപ്പെട്ട് ദേവാലയനിർമാണത്തിന് നിർദേശം നൽകുന്ന രംഗമാണ് ദേവാലയത്തിന്റെ സീലിംഗിൽ ഒരുക്കിയിരിക്കുന്നത്. 36 അടി നീളത്തിലും 16 അടി വീതിയിലുമാണ് ഈ രംഗം ചിത്രീകരിച്ചിട്ടുള്ളത്.
മാതാവ് പ്രത്യക്ഷപ്പെട്ട് കുട്ടികൾക്ക് നൽകിയ അത്ഭുതഉറവ പൂർവരൂപത്തിൽ ദൃശ്യവൽക്കരിച്ച് കൂടുതൽ ഭക്തിമയമാക്കി സംരക്ഷണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരുന്നു.

വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ മറ്റു വൈദികരുടെയും ജനറൽ കോ-ഓർഡിനേറ്റർ ജോസഫ് തുമ്പിയാംകുഴി, കോ-ഓർഡിനേറ്റർ ഡൊമിനിക് വട്ടംകുഴി, യോഗപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണു നവീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.