കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയം എട്ടുനോമ്പാചരണത്തിന് ഒരുക്കമായി നടത്തുന്ന, ആയിരങ്ങളിലേക്ക് വചനം സമ്മാനിക്കുന്ന, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന മൂന്നാമത് കുറവിലങ്ങാട് അഭിഷേകാഗ്നി കണ്വൻഷനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
സായാഹ്നങ്ങളെ ഭക്തിസാന്ദ്രമാക്കി വചനം പെയ്തിറങ്ങുന്ന അഞ്ചു ദിനങ്ങൾക്കു പിന്നാലെ എട്ടുനോമ്പിന്റെ വിശുദ്ധികൂടി എത്തുന്നതോടെ 13 ദിവസം കുറവിലങ്ങാട് ആത്മീയതയുടെ വലിയ ആഘോഷത്തിലാകും. വിശുദ്ധ കുർബാനയും വചനവ്യാഖ്യാനവും ആരാധനയും സമ്മേളിക്കുന്ന അഞ്ച് മണിക്കൂറുകളാകും ഓരോ ദിനവും ഉണ്ടാവുക.
ആഗസ്റ്റ് 25 മുതൽ 29 വരെയാണ് കൺവെൻഷൻ. എല്ലാദിവസവും വൈകുന്നേരം 4.00 ന് വിശുദ്ധ കുർബാനയോടെയാണ് കൺവഷന് തുടക്കം. 9.00 ന് സമാപിക്കും. എല്ലാദിനവും ഫാ. സേവ്യർ ഖാൻ വട്ടായിലാണ് കണ്വൻഷനു നേതൃത്വം നൽകുന്നത്. ഒരേസമയം പതിനായിരം പേർക്കിരുന്ന് വചനശ്രവണം നടത്താവുന്ന പടുകൂറ്റൻ പന്തലാണു ദേവമാതാ കോളജ് മൈതാനത്ത് വചനവിരുന്നിന് ഒരുക്കുന്നത്. അരലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പ്രധാന പന്തൽ ഉയരും. ഒപ്പം പാരിഷ് ഹാൾ, പള്ളി, പള്ളിയങ്കണം എന്നിവിടങ്ങളിലിരുന്നു വചനം ശ്രവിക്കാം. എൽഇഡി സ്ക്രീനുകൾ വിവിധയിടങ്ങളിലായി സ്ഥാപിക്കും.
കൺവെൻഷൻ ഒരുക്കങ്ങൾക്കായി 20 കമ്മിറ്റികൾ രൂപീകരിച്ച് 400 ൽ അധികം വരുന്ന വോളണ്ടിയർമാർ പ്രവർത്തനങ്ങൾ ആരംഭിച്ചു. വോളണ്ടിയർ സംഗമം നടത്തി. സംഗമം ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. സീനിയർ സഹ. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹ.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സെപ്ഷൽ കണ്ഫെസർ ഫാ. ജോർജ് നിരവത്ത്, വിവിധ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.