പുണ്യശ്ലോകൻ പനംങ്കുഴയ്ക്കൽ വല്യച്ചന്റെ 475-ാം ചരമ വാർഷികാചരണവും ശ്രാദ്ധവും നവംബർ 5ന് തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ 7.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ ആഘോഷമായ വിശുദ്ധകുർബാനയും തുടർന്ന് പള്ളിയകത്തുള്ള കബറിടത്തിങ്കൽ ഒപ്പീസും നടക്കും. ഉച്ചയ്ക്ക് 11.45നു മർത്ത്മറിയം പാരീഷ് ഹാളിൽ നേർച്ച ശ്രാദ്ധം. ശ്രാദ്ധം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിക്കും. നേർച്ചയർപ്പണത്തിനു പള്ളിയകത്തുള്ള കബറിടത്തിങ്കലും ദേവമാതാ കോളജ് ജംഗ്ഷനിലെ സ്മാരക പാർക്കിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
ശ്രാദ്ധത്തിന്റെ തലേദിനമായ ഞായറാഴ്ച വൈകിട്ട് 6.00ന് കുറവിലങ്ങാട്ട് പള്ളിയകത്തുള്ള കബറിടത്തിങ്കൽ അനുസ്മരണ പ്രാർത്ഥനകളും ലദീഞ്ഞും നടക്കും. വല്യച്ചന്റെ കുടുംബാംഗങ്ങളും വിശ്വാസികളും കബറിടത്തിങ്കൽ കത്തിനിൽക്കുന്ന ഏഴുതിരി ഓട്ടുനിലവിളക്കിൽ എണ്ണ പകർന്നു പ്രത്യേക പ്രാർത്ഥനകളിൽ പങ്കുചേരും. വല്യച്ചന്റെ ശ്രാദ്ധദിനത്തിന്റെ തലേന്ന് കുറവിലങ്ങാട് പള്ളിയകത്തുള്ള കബറിടത്തിങ്കൽ വിളക്കുതെളിച്ച് പ്രാർത്ഥിക്കും.
……1543 ഒക്ടോബർ 26ന് കുടമാളൂർ പള്ളിമേടയിൽ വെച്ച് സ്വർഗയാത്രയായ വല്യച്ചന്റെ ഭൗതിക ശരീരവുമായി കുറവിലങ്ങാട്ടേയ്ക്ക് നടത്തിയ യാത്രയിൽ ഉപയോഗിച്ച അതേ വിളക്ക് തെളിച്ച് പ്രാർത്ഥിക്കുമ്പോൾ തലമുറകൾ കൈമാറിയ വിശ്വാസത്തിന്റെ കരുത്ത് അവർ പിന്തുടരും. വല്യച്ചന്റെ ഭൗതിക ശരീരം കുറവിലങ്ങാട്ടു സംസ്കരിക്കുന്നതിനായി കൂടമാളൂരിൽ നിന്നു ജലമാർഗം കുറുപ്പന്തറയിലേയ്ക്കും അവിടെനിന്നു കരമാർഗം കുറവിലങ്ങാട്ടേക്കും എത്തിക്കുകയായിരുന്നു. ശവമഞ്ചത്തിന്റെ നാലുവശങ്ങളിലും കത്തിച്ച വിളക്കുകളും തലയ്ക്കൽ ഏഴുതിരി കത്തിച്ച ഓട്ടുനിലവിളക്കോടും കൂടിയായിരുന്നു വിലാപയാത്ര കുടമാളൂരിൽനിന്നു പുറപ്പെട്ടത്. വിലാപയാത്രാമദ്ധ്യേ തുലാവർഷത്തിന്റെ അത്യുഗ്രമായ കാറ്റും മഴയും ഉണ്ടായിരുന്നിട്ടും തിരികൾ ഒന്നും അണയാതെ കൂടുതൽ പ്രശോഭിതമായി നിന്നതും വിളക്കിലെ എണ്ണ അല്പം പോലും കുറയാതെ കാണപ്പെട്ടതും വല്യച്ചന്റെ ജീവിതവിശുദ്ധിയുടെയും ത്യാഗത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും അടയാളമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ ഓർമയ്ക്കായാണ് വല്യച്ചന്റെ അനന്തര തലമുറക്കാരും വിശ്വാസികളും ശ്രാദ്ധതലേന്ന് ഏഴുതിരി ഓട്ടുവിളക്കിൽ എണ്ണ ഒഴിച്ചു തിരികത്തിച്ചു പ്രാർത്ഥിക്കുന്നത്….. തുടർന്ന് കോളജ് ജംഗ്ഷനിലുള്ള സ്മാരക പാർക്കിൽ ലദീഞ്ഞും നടക്കും.
കുറവിലങ്ങാട് പള്ളിവീട്ടിൽ പനംങ്കുഴയ്ക്കൽ കുര്യന്റേയും കുടമാളൂർ ഇടവക കുത്തുകല്ലുങ്കൽ ഏലീശ്വായുടെയും മകനായി 1479-ൽ ജനിച്ച യാക്കോബാണ് പിന്നീട് പനംങ്കുഴയ്ക്കൽ വല്യച്ചൻ എന്നറിയപ്പെടാൻ തുടങ്ങിയത്. തന്റെ പിതൃസഹോദരനും കുറവിലങ്ങാട് പള്ളിയുടെ വികാരിയുമായിരുന്ന വലിയ കുര്യേപ്പച്ചൻ വൈദികന്റെ കൂടെ പള്ളിമുറിയിൽ താമസിക്കുകയും വൈദികവൃത്തിക്കാവശ്യമായ പരിശീലനം വലിയ കുര്യേപ്പച്ചനിൽനിന്നും സ്വീകരിച്ച് 1502ൽ ചെറിയത് യാക്കോബ് വൈദികനായി. വൈദികനായി അധികകാലം കഴിയുതിനു മുൻപ് യാക്കോബ് അച്ചൻ കുറവിലങ്ങാട് പള്ളി വികാരിയായി ചുമതലയേറ്റു.
പ്രസിദ്ധമായ ആനവാതിൽ സംഭവത്തിനുശേഷം വിശ്വാസികൾക്കിടയിൽ ഇദ്ദേഹത്തിന്റെ പ്രാർത്ഥനാശക്തി പ്രസിദ്ധമായി. ഇതേത്തുടർന്നാണ് ആനവായിൽ ചക്കര നേർച്ച ആരംഭിക്കുന്നത്. നിരവധി പേരുടെ ഉദരരോഗങ്ങൾ വല്യച്ചനോടുള്ള പ്രാത്ഥനയാൽ സുഖപ്പെട്ടുവെന്നു സാക്ഷ്യങ്ങൾ ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
കുറവിലങ്ങാട് പള്ളിയിൽനിന്ന് സ്ഥലംമാറി കുടമാളൂർ പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു. അവിടെവെച്ചാണ് യാക്കോബച്ചൻ 1543 ഒക്ടോബർ 25ന് നിര്യാതനായത്. ജൂലിയൻ കലണ്ടറിൽനിന്നു ഗ്രിഗോറിയൻ കലണ്ടറിലേക്കുണ്ടായ വന്ന മാറ്റം കണക്കിലെടുത്താണ് ചരമദിനം നവംബർ 5 -ലേക്ക് മാറ്റിയത്.
വല്യച്ചന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കുന്നതിലൂടെ ഉദരരോഗങ്ങൾക്കു ശമനം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
ഈ വർഷത്തെ പ്രസുദേന്തി: പ്രൊഫ. പി ജെ മാത്യു പനംങ്കുഴയ്ക്കൽ നാലഞ്ചരിൽ