സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ സിറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ വൈകുന്നേരം എത്തിയപ്പോൾ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഇടവകജനം ഒന്നാകെ അദ്ദേഹത്തിനു സ്വീകരണം നൽകി വരവേറ്റു.
✝️കുറവിലങ്ങാട് മുത്തിയമ്മയുടെ മാധ്യസ്ഥ്യംതേടി പള്ളിയിൽനിന്നും ജൂബിലി കപ്പേള ചുറ്റി നടത്തിയ ജപമാല / മെഴുകുതിരി പ്രദക്ഷിണത്തിൽ, സിറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും മുത്തിയമ്മ ഭക്തരോടൊപ്പം പ്രദക്ഷിണത്തിൽ പങ്കാളികളായി.
🙏കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം മേജർ ആർച്ച്ബിഷപ്പിൽ നിന്ന് 16 ഇടവക ദേവാലയങ്ങളും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയും, നസ്രത്ത്ഹിൽ തിരുക്കുടുംബ ദേവാലയവും ഏറ്റുവാങ്ങി… തുടർന്ന് യോഗശാലയിൽ ഫൊറോനയിലെ വൈദികരുടെ സമ്മേളനത്തിലും തുടർന്ന് പള്ളിപ്രതിനിധികളുടെ പ്രത്യേക യോഗത്തിലും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും മാർ ജോസഫ് കല്ലറങ്ങാട്ടും പങ്കെടുത്തു.
👉കുറവിലങ്ങാട് പള്ളിമേടയിൽ രാത്രിയിൽ തങ്ങിയ ഇരുവരും കുറവിലങ്ങാട്ട് മറ്റൊരു ചരിത്രമുഹൂർത്തവും സൃഷ്ടിച്ചു. 1659 ൽ റോമിൽനിന്നു നസ്രാണികത്തോലിക്കരുടെ മാർഗ്ഗദർശിയായി മാർ സെബാസ്റ്റിയാനി മെത്രാൻ ആറു വർഷങ്ങളോളം കുറവിലങ്ങാട് പള്ളിമേടയിൽ താമസിച്ച് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് 1663ൽ ആദ്യ തദേശിയ മെത്രാനായി റോമിൽ നിന്ന് വാഴിച്ച “ഇന്ത്യ മുഴുവന്റെയും സഭയുടെ” ഭരണകർത്താവായി പറമ്പിൽ ചാണ്ടിമെത്രാൻ, 1663 മുതൽ 1687 അദ്ദേഹത്തിന്റെ മരണം വരെ 24 വർഷങ്ങൾ കുറവിലങ്ങാട് പള്ളി കത്തീഡ്രലാക്കി പള്ളിമേടയിൽ താസിച്ച് സഭാഭരണം നടത്തി. സഭയുടെ വികാരി ജനറാളായിരുന്ന നിധീരിക്കൽ മാണികത്തനാർ 1875 മുതൽ 1904ൽ അദ്ദേഹത്തിന്റെ മരണം വരെ വരെയുള്ള കാലഘട്ടത്തിൽ വികാരി ജനറാളായും കുറവിലങ്ങാട് പള്ളി വികാരിയായും പള്ളിമേടയിൽ താമസിച്ച് ഭരണനിർവഹണം നടത്തിയിരുന്നു. ഇതിനുമുമ്പ് 2010 ഏപ്രിൽ 6 ചൊവാഴ്ച രാത്രിയിൽ തക്കല രൂപതാമെത്രാൻ ആയിരിക്കെ, മാർ ജോർജ് ആലഞ്ചേരി കുറവിലങ്ങാട് പള്ളിമേടയിൽ താമസിച്ചിട്ടുണ്ട്.👈
⛪️ഇന്ന് രാവിലെ 8.30ന് ഇടവകയിലെ വിവിധ ഭക്തസംഘടന അംഗങ്ങളുടെ യോഗത്തിൽ കർദ്ദിനാൾ പങ്കെടുത്ത് സന്ദേശം നൽകും. 10.00 ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, വികാരി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ എന്നിവർ സഹകാർമികരാകും.