കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പല്‍ മർത്ത്മറിയം ആർച്ച്ഡീക്കന്‍ തീർത്ഥാടന ദൈവാലയത്തിൽ വികാരിയായി വരുന്നവർക്ക് ആർച്ച്പ്രീസ്റ്റ് പദവി ലഭിക്കും. ഇന്നലെ കുറവിലങ്ങാട് ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മുന്‍പ് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഡിക്രി ഫാ.തോമസ് തൈയിൽ വായിച്ചു. ഭാവിയിൽ സിറോ മലബാർ സഭയിലെ ഏതെങ്കിലും ദേവാലയത്തിനു മേജർ ആർക്കിഎപ്പിസ്‌കോപ്പല്‍ പദവി ലഭിച്ചാൽ ആ പള്ളിയിലേയും വികാരി ആർച്ച്പ്രീസ്റ്റ് ആവും. നിലവിൽ കുറവിലങ്ങാട് പള്ളി മാത്രമാണ് സിറോ മലബാർ സഭയിൽ മേജർ ആർക്കിഎപ്പിസ്‌കോപ്പല്‍ പദവിയുള്ള ഏകദേവാലയം. കുറവിലങ്ങാട് പള്ളിക്ക് സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയം എന്ന പദവികൂടി ഉണ്ട്.
സീറോ മലബാർ സഭാ സിനഡിന്റെ തീരുമാനപ്രകാരം കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ. ജോസഫ് തടത്തില്‍, സീറോ മലബാർ സഭയിലെ പ്രഥമ ആര്‍ച്ച്പ്രീസ്റ്റ് ആയി. 2019 ജനുവരി 7 മുതല്‍ 18 വരെ തീയതികളില്‍ സഭാ ആസ്ഥാനത്ത് നടന്ന സിനഡിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
കുറവിലങ്ങാട് ഇടവകയെ മേജർ ആർക്കിഎപ്പിസ്‌കോപ്പല്‍ തീർത്ഥാടന ദേവാലയമാക്കി 2018 ജനുവരി 21ന് ഉയർത്തിയതോടെ ഇടവകയുടെ ചരിത്രവും സഭയുടെ പാരമ്പര്യവും പരിഗണിച്ച് വികാരിയെ ആർച്ച്പ്രീസ്റ്റ് എന്ന് പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട് നാമകരണം ചെയ്തിരുന്നു. ഈ നാമകരണത്തിനാണ് സിനഡ് അംഗീകാരം നല്‍കിയത്. കുറവിലങ്ങാട് പള്ളിയിലെ ഭാവിയിലുള്ള എല്ലാ വികാരിമാരും ആർച്ച്പ്രീസ്റ്റ് എന്ന് അറിയപ്പെടും.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, മാന്നാർ തടത്തില്‍ പരേതനായ വർക്കിയുടേയും ഇലഞ്ഞി പാലക്കുന്നേല്‍ കുടുംബാംഗം മറിയാമ്മയുടേയും 11 മക്കളില്‍ നാലാമനായി ജനനം.
മാന്നാർ ഗവ.എല്‍പിസ്‌കൂള്‍, തലയോലപറമ്പ് ഗവ.യുപി, ഹൈസ്‌കൂളുകളിലായി സ്‌കൂള്‍ വിദ്യാഭ്യാസം. 1977 ജൂണ്‍ 16ന് പാലാ ഗുഡ്‌ഷെപ്പേർഡ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന് വടവാതൂര്‍ സെമിനാരിയില്‍ ഫിലോസഫി പഠനം. പാലാ സോഷ്യല്‍വെല്‍ഫെയര്‍ സൊസൈറ്റിയില്‍ റീജന്‍സി. വടവാതൂർ സെമിനാരിയില്‍ ദൈവശാസ്ത്രപഠനം. 1988 ജനുവരി ആറിന് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ കൈവയ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ളാലം പള്ളി അസി.വികാരിയായി ചുമതലയേറ്റു. റോമിലെ ഗ്രിഗോറിയന്‍ സർവകലാശാലയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. ഉരുളികുന്നം വികാരി ഇന്‍ചാർജ്, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ, രൂപത വിശ്വാസ പരിശീലന കേന്ദ്രം, ദൈവവിളി ബ്യൂറോ, ചെറുപുഷ്പമിഷന്‍ ലീഗ് ഡയറക്ടർ ശാലോം പാസ്റ്ററല്‍ സെന്റർ പ്രഥമ ഡയറക്ടർ, കുട്ടക്കച്ചിറ, കാഞ്ഞിരത്താനം പള്ളികളില്‍ വികാരി, ഭരണങ്ങാനം അല്‍ഫോന്‍സാ തീർത്ഥാടന കേന്ദ്രം പ്രഥമ റെക്ടർ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2015 ഫെബ്രുവരി ഏഴുമുതല്‍ കുറവിലങ്ങാട് പള്ളി വികാരിയായി സേവനം ചെയ്തു വരികയായിരുന്നു.
സഹോദരങ്ങള്‍: മേരി മാത്യു പറമ്പിതടത്തില്‍ (മുട്ടുചിറ), ജോയി (ജെഡബ്ല്യൂഒ ഐ എഎഫ്) , സിസ്റ്റര്‍. ജോയ്‌സ് ജോർജ് (പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിഎഫ്എസ്എസ്, ഡല്‍ഹി), റൂബി ജോയി പത്തുപറ (വൈക്കം), ലഫ്. കേണല്‍ ത്രേസ്യാമ്മ ബെന്നി മുടക്കാംപുറം (ചത്തീസ്ഗഡ്), രാജു വർഗീസ് (സൗദി), ബിജു, ഷൈനി നിധീഷ് മുണ്ടയ്ക്കല്‍ തൊടുപുഴ (അയർലന്റ്), റെജി ഫിലിപ്‌സണ്‍ കൈതവനത്തറ ആലപ്പുഴ (യുകെ), ബിനി ഷാബു കൂട്ടിയാനി തിടനാട് (ഇസ്രായേല്‍).