കുറവിലങ്ങാട് നസ്രാണി മഹാസംഗമം

Spread the love

എന്തുകൊണ്ട് ഈ സംഗമം ?

1653 ജനുവരി 3 വെള്ളിയാഴ്ച നസ്രാണി ക്രൈസ്തവര്‍ക്ക് ഒരു ദു:ഖവെള്ളി തന്നെയായിരുന്നു. അന്നാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് മട്ടാഞ്ചേരിയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയത്തില്‍ ഒത്തുചേര്‍ന്ന നസ്രാണി ക്രൈസ്തവരുടെ നൂറുകണക്കിന് പ്രതിനിധികള്‍, കൂനന്‍ കുരിശ് സത്യം എന്ന് പിന്നീട് ചരിത്രം രേഖപ്പെടുത്തിയ പ്രഖ്യാപനം നടത്തിയത്. അവരുടെ വികാരങ്ങളെ ആഴത്തിലും തുടര്‍ച്ചയായും മുറിപ്പെടുത്തിയവരെ മേലില്‍ അനുസരിക്കില്ലായെ
ന്ന് വിശുദ്ധ ഗ്രന്ഥവും വിശുദ്ധ കുരിശും കൈകളിലേന്തി ഈ പ്രതിനിധികള്‍ സത്യം ചെയ്തു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, കൂനന്‍കുരിശ് പ്രഖ്യാപനത്തെതുടര്‍ന്ന്, അര്‍ക്കദിയാക്കോന്റെ നേതൃത്വത്തില്‍ അതുവരെ ഒറ്റക്കെട്ടായിരുന്ന മാര്‍ത്തോമ്മാ നസ്രാണികള്‍ രണ്ടായി, പിന്നീട് പലതായി. കൂനന്‍കുരിശ് സത്യം കഴിഞ്ഞിട്ട് 365 വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ്, കഴിഞ്ഞ വര്‍ഷം കുറവിലങ്ങാട് നസ്രാണി മഹാസംഗമം പ്രഖ്യാപിയ്ക്കപ്പെട്ടത്. കൂനന്‍കുരിശ് സത്യത്തിന് മുന്‍പ് നസ്രാണികളുടെ ഗതിവിഗതികളെ സ്വാധീനിച്ച 1599ലെ ഉദയംപേരൂര്‍ സൂനഹദോസിന്റെ 420-ാം വാര്‍ഷികത്തിലാണ് നസ്രാണിമഹാസംഗമം നടക്കുന്നത് എന്ന കാര്യം പ്രത്യേകം സ്മരണീയമാണ്. ഹൃദയഭേദകമായ വിഭജനങ്ങള്‍ക്ക് ശേഷം പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമായി നമ്മുടെ മുന്‍തലമുറകള്‍ അഭിലഷിച്ചതും ഇപ്പോഴത്തെ തലമുറകള്‍ തീവ്രമായി ആഗ്രഹിക്കുന്നതുമായ കൂടിവരവാണ് ഈ മഹാസംഗമം.

എന്തുകൊണ്ട് കുറവിലങ്ങാട് ?

നസ്രാണി സഭകളില്‍പ്പെട്ട പിതാക്കന്മാരും വൈദികരും അത്മായരും, അര്‍ക്കദിയാക്കോന്മാരുടെ തറവാടായ പകലോമറ്റം പള്ളിയും അവരുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന കുറവിലങ്ങാട് പള്ളിയും സന്ദര്‍ശിക്കുന്നതില്‍ അതീവ തത്പരരാണ്. സന്ദര്‍ശിക്കുന്നവരെല്ലാം ഇവ തങ്ങളുടെ കൂടി പള്ളികളാണെന്നും കുറവിലങ്ങാട് തങ്ങളുടെ മാതൃദേവാലയമാണെന്നും തെല്ലൊരു അഹങ്കാരത്തോടും അഭിമാനത്തോടും പറയാറുണ്ട്. നസ്രാണികളുടെ കൂടിവരവിനെപ്പറ്റി ചിന്തിക്കുവാന്‍ ഇത്തരം സന്ദര്‍ശനങ്ങളും സംഭാഷണങ്ങളും ഇടയാക്കുകയും മഹാസംഗമം പോലൊരവസരം കണ്ടെത്തുന്നതിന് പ്രേരണയാകുകയും ചെയ്തു.സഭാതലവന്മാര്‍ ഉള്‍പ്പെടെയുള്ള പിതാക്കന്മാര്‍ തന്നെ എത്രമാത്രം സന്തോഷത്തോടും അളവറ്റ താല്‍പര്യത്തോടും കൂടിയാണ് ഈ കൂടിവരവിനെപ്പറ്റി സംസാരിക്കുന്നത്!. . അവരുടെയെല്ലാം വാക്കുകളില്‍, ഈ കൂടിവരവിന് അവകാശവും ഉത്തരവാദിത്വവും സാധ്യതയും കുറവിലങ്ങാടിനാണ്, കുറവിലങ്ങാടിന് മാത്രമാണ്. നസ്രാണിസഭകളില്‍ പലതിന്റേയും ബഹുഭൂരിപക്ഷം അംഗങ്ങളുടെ വേരുകള്‍ കുറവിലങ്ങാടാണ് എന്നതാണ് അവര്‍ പങ്കുവെയ്ക്കുന്ന മുഖ്യകാരണം.കൂടിവരവിന് വേദിയൊരുക്കുവാന്‍ ഭൂമിശാസ്ത്രപരമായ സൗകര്യങ്ങളുള്‍പ്പെടെ പലതും കുറവിലങ്ങാടിനുള്ളതായി നിരീക്ഷിക്കപ്പെടുന്നു.കുറവിലങ്ങാട് എന്നാല്‍ ഇന്നത്തെ കുറവിലങ്ങാട് ഇടവകയല്ല, വിശാല കുറവിലങ്ങാടാണ് വീക്ഷിക്കപ്പെടുക. അതായത്, ഒരുകാലത്ത് കുറവിലങ്ങാട് ഇടവകയുടെതന്നെ ഭാഗമായിരുന്ന മണര്‍കാട്, കുടമാളൂര്‍, അതിരമ്പുഴ, രാമപുരം, കോതനെല്ലൂര്‍, മുട്ടുചിറ, ഇലഞ്ഞി, പാലാ കത്തീഡ്രല്‍ തുടങ്ങിയ തീര്‍ത്ഥാടന
കേന്ദ്രങ്ങളും വലിയഇടവകകളും അവിടങ്ങളില്‍ നിന്ന് വിവിധ കാലഘട്ടങ്ങളില്‍ സ്വതന്ത്രമായിട്ടുള്ള വിവിധ ഇടവകകളും എല്ലാം ഈ വിശാല കുറവിലങ്ങാടിന്റെഭാഗമാണല്ലോ. ഈ വിശാല കുറവിലങ്ങാടിന്റെവ്യത്യസ്തഭാഗങ്ങളില്‍ നിന്ന് മലബാര്‍, ഹൈറേഞ്ച് മേഖലകളിലേക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ കുടിയേറിയവരും ഇന്ത്യക്ക് ഉള്ളിലും പുറത്തുമായി വസിച്ച് വര്‍ഷത്തിലൊരിക്കലെങ്കിലും ഇവിടെ എത്തുന്നവരുമെല്ലാം അവരുടെ സ്വന്തം കുറവിലങ്ങാടിനെപ്പറ്റി വലിയ ഗൃഹാതുരത്വം പേറുന്ന വരാണെന്ന് മൂന്ന് നോമ്പും എട്ടുനോമ്പുമെല്ലാം തെളിയിക്കുന്നു. അതിന് ഉദാഹരണമാണല്ലോ വിശാല കുറവിലങ്ങാടിന്റെ ഭാഗമായിരുന്ന കടപ്പൂര്‍ കരക്കാരായി പലനാടുകളില്‍ വസിക്കുന്നവര്‍ മൂന്ന് നോമ്പ് തിരുനാളില്‍ കപ്പല്‍ സംവഹിക്കാന്‍ എത്തുന്നതും കേരളത്തിനുള്ളിലും പുറത്തുമായി വസിക്കുന്ന കണിവേലിക്കുടുംബക്കാര്‍ മൂന്ന് നോമ്പിന്റെ ചൊവ്വാഴ്ച ആവേശത്തില്‍ പ്രദക്ഷിണകുടകള്‍ സംവഹിക്കുന്നതും. വിശാല കുറവിലങ്ങാട് വേരുകളുള്ള സഭകളിലേയും കുടുംബങ്ങളിലേയും അംഗങ്ങള്‍, അവര്‍ ലോകത്തില്‍ എവിടെയായാലും ഒന്നാം നൂറ്റാണ്ട് മുതലുള്ള ഇവിടുത്തെ ക്രൈസ്തവപാരമ്പര്യത്തിന്റേയും ഒന്നാം നൂറ്റാണ്ടില്‍ ആരംഭിച്ച മരിയന്‍ പ്രത്യക്ഷീകരണങ്ങളുടേയും എ.ഡി 105ല്‍ സ്ഥാപിതമായ പ്രഥമ ദൈവാലയത്തിന്റേയും നാലാം നൂറ്റാണ്ട് മുതല്‍ വളര്‍ത്തിയെടുത്ത അര്‍ക്കദിയാക്കോന്മാരുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തിന്റേയും ഉള്‍പ്പെടയുള്ള കുറവിലങ്ങാട് പൈതൃകത്തിന്റെ കൂട്ടവകാശികളാണ്.

മഹാസംഗമം എന്ന്? പങ്കെടുക്കുന്നര്‍ ആരെല്ലാം?

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത്. 2019ഓഗസ്റ്റ് 25 മുതല്‍ 29 വരെ തീയതികളില്‍ ഉച്ചകഴിഞ്ഞ് നാലിന് ആരംഭിച്ച് ഒന്‍പതിന് അവസാനിക്കുന്ന നാലാം കുറവിലങ്ങാട് കണ്‍വന്‍ഷനാണ് ഒന്നാം ഘട്ടം. ലോകത്തിലെ മാതാവിന്റെ പ്രഥമ പ്രത്യക്ഷീകരണം നടന്ന സ്ഥലത്തെ മഹാസംഗമത്തോട് ബന്ധപ്പെടുത്തിയായതുകൊണ്ട് ഈ വര്‍ഷം കുറവിലങ്ങാട് കണ്‍വന്‍ഷന്‍ മരിയന്‍ കണ്‍വന്‍ഷനായാണ് നടത്തപ്പെടുക.
ഇന്ന് കേരളത്തിലും പുറത്തുമുള്ള മലയാളികള്‍ ആകാംക്ഷയോടെ കാതോര്‍ക്കുന്ന പ്രമുഖ വചന പ്രഘോഷകന്‍ റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തിലാണ് വചനം പ്രഘോഷിക്കുന്നത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം
നിര്‍വഹിക്കുന്നത് മലങ്കര യാക്കോബായ സഭയുടെ തലവന്‍ ബസോലിയോസ് തോമസ് പ്രഥമന്‍ ശ്രേഷ്ഠബാവയാണ്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തുന്ന സംഗമത്തിന്റെ പരിസമാപ്തിയായ സെപ്റ്റംബര്‍ ഒന്ന് ഉച്ചകഴിഞ്ഞുള്ള മഹാസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസോലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയാണ്. സമ്മേളനഉദ്ഘാടനം സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മുഖ്യപ്രഭാഷണം സീറോ മലങ്കര സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ബസോലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവയും നിര്‍വഹിക്കുന്നതാണ്. മാര്‍ത്തോമ്മാ സഭയുടെ പരമോന്നതാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയും ക്‌നാനായ യാക്കോബായ സഭയുടെ മോര്‍ സെവേറിയോസ് കുര്യാക്കോസ് വലിയ മെത്രാപ്പോലീത്തയും പൗരസ്ത്യ അസീറിയന്‍ സഭാ തലവന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയും മലബാര്‍ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷന്‍ മാര്‍ ബസോലിയോസ് സിറിള്‍ പ്രഥമന്‍ മെത്രാപ്പോലീത്തയും അനുഗ്രഹപ്രഭാക്ഷണങ്ങള്‍ നടത്തും. പങ്കെടുക്കുന്ന മെത്രാപ്പോലീത്തമാരുടേയും മെത്രാന്മാരുടേയും പ്രതിനിധികള്‍ ആശംസകളര്‍പ്പിക്കും.കൂടാതെ വൈദികരും സന്യസ്ത്യരും അത്മായരുമായ പതിനായിരം പ്രതിനിധികളുടെ സാന്നിധ്യമാണ് പ്രതീക്ഷിച്ചതെങ്കിലും ഇപ്പോഴത്തെ അവലോകനമനുസരിച്ച് പങ്കെടുക്കുന്നവരുടെ എണ്ണംപതിനയ്യായ്യിരം കവിയും. സെപ്റ്റംബര്‍ ഒന്നിലെ മഹാസംഗമത്തിന് മുന്നോടിയായി അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 12.30വരെയുള്ള സമയത്ത് ഒരു അന്താരാഷ്ട്ര മരിയന്‍ സിമ്പോസിയം നടത്തപ്പെടുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന സിമ്പോസിയത്തില്‍ പ്രവേശനം വിഷയത്തില്‍ താല്‍പര്യമുള്ള 120 പേര്‍ക്കായി പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. വിദേശ സര്‍വകലാശാലകളില്‍
മരിയോളജിയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഗവേഷണ നിയന്താക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രധാന പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.

എന്താണ് പ്രത്യേകത ?

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തില്‍ നസ്രാണി സഭകളുടെ മുഴുവന്‍ തലവന്മാര്‍ പങ്കെടുക്കുമെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചരിത്രത്തിലെ തന്നെ ഇത്തരത്തിലുള്ള പ്രഥമ കൂടിവരവാണിത്. 1653ലെ പ്രതിനിധികളുടെ കൂടിവരവ് ദു:ഖകരമായ തീരുമാനമെടുക്കാനായിരുന്നുവെങ്കില്‍ 366 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിവരവ് സ്വപ്‌നതുല്യമായ ഒരാഗ്രഹത്തിന്റെ ആഹ്ലാദകരമായ യാഥാര്‍ത്ഥ്യവല്‍ക്കരണമാണ്. സംഗമത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇടവകകള്‍ക്കും വ്യത്യസ്ത സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും
ചരിത്രപരമായ ഈ സംഗമത്തിലുള്ള അവരുടെ പങ്കാളിത്തത്തിന്റെ സ്മരണ നിലനിര്‍ത്താനുതകുന്ന ഉപഹാരം നല്‍കപ്പെടുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണ്.കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയും ചരിത്രത്തില്‍ ഇടം കണ്ടെത്തുകയാണ്. പിന്നീടുണ്ടാകാവുന്ന ഗവേഷണ പഠനങ്ങള്‍ക്ക് ഉപകരിക്കതക്കരീതിയില്‍ സംഗമത്തില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയുടേയും പേരുവിവരം സമ്മേളാനന്തരം പുറത്തിറക്കുന്ന രേഖയിലുണ്ടാകുമെന്നത് ഈ സംഗമത്തിന്റെ ആധികാരികത വ്യക്തമാക്കുന്നതാണ്.സഭാതലവന്മാരുടെ സംഗമവേദിയില്‍ അതാത് സഭകളിലെ വിശ്വാസിപ്രതിനിധികളുടെ സാന്നിധ്യവും ഒരുമിച്ചുണ്ടാകുന്നവെന്ന പ്രത്യേകതയുമുണ്ട്. സംഗമാനന്തരം ഈ കൂട്ടായ്മയില്‍ തുടര്‍ന്നും അംഗങ്ങളായിരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ ലക്ഷ്യത്തോടെ രൂപീകൃതമാകുന്ന ‘മുത്തിയമ്മ ഫെലോഷിപ്പ് ഓഫ് നസ്രാണിസി’ല്‍ അംഗമാകാം.ഇതില്‍ അംഗമാകുന്നവര്‍ക്കും അവരുടെ നിയോഗങ്ങള്‍ക്കുമായി എല്ലാ മാസാദ്യവെള്ളിയാഴ്ചകളിലും പ്രഭാതത്തില്‍ 4.30ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദൈവാലയത്തിന്റെ ആദരണീയ ആര്‍ച്ച്പ്രീസ്റ്റിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കപ്പെടുകയും എട്ട് നോമ്പിന്റെ ആരംഭദിനമായ സെപ്റ്റംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് അവരുടെ സംഗമം വര്‍ഷംതോറും നടത്തപ്പെടുകയും ചെയ്യും. നസ്രാണി സഭാമക്കളൊന്നാകെ ഉറവിടത്തില്‍ സംഗമിക്കുമ്പോള്‍ മുത്തിയമ്മ ഭക്തരായ മറ്റ് പലരും ഈ സംഗമത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹം അറിയിച്ചിട്ടുള്ളതിനാല്‍ അവര്‍ പ്രത്യേക ക്ഷണിതാക്കളായും പങ്കെടുക്കുന്നുണ്ട്.

ഉണരാം ഒരുമിക്കാം ഉറവിടത്തില്‍ എന്ന ആഹ്വാനത്തോടെയും നിങ്ങളേവരേയും ഹൃദയപൂര്‍വം നമ്മുടെ കുറവിലങ്ങാട്
കണ്‍വന്‍ഷനിലേക്കും കുറവിലങ്ങാട് നസ്രാണി
മഹാസംഗമത്തിലേക്കും സ്വാഗതം ചെയ്യുന്നു.


ഡോ. ജോസഫ് തടത്തില്‍
ആര്‍ച്ച്പ്രീസ്റ്റ്