സെപ്റ്റംബർ ഒന്നിനു നടക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പന്തൽകാൽനാട്ട് ഇന്നു നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ഇടവകയിലെ കുടുംബകൂട്ടായ്മ ഭാരവാഹികളുടെ നേതൃസമ്മേളനം നടക്കും. 4.15 ന് ദേവമാതാ കോളജ് മൈതാനത്ത് പന്തലിന്റെ കാൽനാട്ട് ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ നിർവഹിക്കും. സീനിയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സംഗമം ജനറൽ കോ-ഓർഡിനേറ്റർ ഫാ. തോമസ് കുറ്റിക്കാട്ട്, മരിയൻ കൺവൻഷൻ ജനറൽ കോ-ഓർഡിനേറ്റർ ഫാ. മാത്യു വെണ്ണായിപ്പള്ളിൽ, അസി. വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സ്പെഷൽ കൺഫസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളംമാക്കൽ എന്നിവർ സഹകാർമികരാകും.
നസ്രാണി മഹാസംഗമത്തിനു മുന്നോടിയായുള്ള നാലാമത് കുറവിലങ്ങാട് കൺവൻഷനുള്ള പന്തൽ നിർമാണത്തിനാണ് തുടക്കമാകുന്നത്. പതിനയ്യായിരം പേർക്ക് ഇരുന്ന് വചനം ശ്രവിക്കാനും സംഗമത്തിൽ പങ്കെടുക്കാൻ കഴിയുംവിധമുള്ള പന്തലാണ് ഉയർത്തുന്നത്. കഴിഞ്ഞ രണ്ടു കുറവിലങ്ങാട് കൺവൻഷനുകളിൽ പതിനായിരത്തോളം പേർക്കിരിക്കാവുന്ന പന്തലൊരുക്കിയിരുന്നു. കഴിഞ്ഞവർഷം പ്രളയക്കെടുതികൾ കണക്കിലെടുത്ത് പന്തൽ നിർമാണം ഉപേക്ഷിച്ച് അതിനുവേണ്ടിവരുമായിരുന്ന ചെലവ് പ്രളയദുരിതാശ്വാസത്തിനു നൽകി ഇടവക മാതൃകയായിരുന്നു. ഇരിപ്പിടങ്ങൾക്കൊപ്പം എൽഇഡി വാളുകളടക്കം പന്തലിൽ ക്രമീകരിക്കും.
കൺവൻഷന്റെയും സംഗമത്തിന്റെയും വിജയത്തിനായി ആയിരം വോളന്റിയർമാരടങ്ങുന്ന 20 കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരുന്നു. സംഗമത്തിനുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് രണ്ടിനു സമാപിക്കും. ഇടവക ആതിഥ്യമരുളുന്ന വചനവിരുന്നിൽ നസ്രാണി മഹാസംഗമത്തിനുള്ള പ്രാർഥനാ ഒരുക്കങ്ങളും സജീവമാണ്. പ്രത്യേക പ്രാർഥനാ മണിക്കൂറും അഖണ്ഡ ജപമാലയും അഖണ്ഡ ബൈബിൾ പാരായണവും ആത്മീയ ഒരുക്കങ്ങളിൽപ്പെടും.