സഭൈക്യത്തിന് വാതായനം തുറക്കുന്ന നസ്രാണി മഹാസംഗമത്തിനും മാതൃഭക്തിയുടെ പ്രചരണത്തിന് വഴിതുറക്കുന്ന മരിയൻ കണ്വൻഷനുമുള്ള പന്തൽ നിർമാണത്തിന് തുടക്കമായി. കുറവിലങ്ങാട് മുത്തിയമ്മയുടെ അനുഗ്രഹകടാക്ഷം നിറഞ്ഞൊഴുകുന്ന മണ്ണിൽ 15,000 പേർക്കിരിക്കാവുന്ന പന്തൽ നിർമാണത്തിനാണ് തുടക്കമിട്ടത്.
അറുപതിനായിരം ചതുരശ്രഅടി വിസ്തീർണമുള്ള പന്തലാണ് നിർമിക്കുന്നത്. മുൻ വർഷങ്ങളിൽ കുറവിലങ്ങാട് കണ്‍വൻഷനായി പണിതീർത്ത പന്തലിനേക്കാൾ വലിപ്പത്തിലാണ് ഈ വർഷത്തെ പന്തൽ നിർമാണം. നസ്രാണി മഹാസംഗമത്തിനെത്തുന്ന 15,000 പേർക്ക് ഒരുമിച്ച് ഇരിക്കുന്നതിനുള്ള ക്രമീകരണമെന്ന നിലയിലാണ് ഇക്കുറി പന്തലിന്റെ വലിപ്പം കൂട്ടാൻ തീരുമാനമെടുത്തത്. മുൻവർഷങ്ങളിൽ പന്തൽ നിറഞ്ഞതോടെ പള്ളിമുറ്റത്തും കല്പടവുകളിലുമിരുന്ന് വചനശ്രവണം നടത്തിയവർക്കുകൂടി ഒരുമിച്ചിരിക്കാൻ അവസരം ലഭിക്കും.
പന്തലിന്റെ കാൽനാട്ട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ നിർവഹിച്ചു. കുടുംബകൂട്ടായ്മ പാലാ രൂപത ഡയറക്ടർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ, സീനിയർ അസിസ്റ്റന്റ് വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർ സഹകാർമികരായി.
കാൽനാട്ടിന് മുന്നോടിയായി കുടുംബകൂട്ടായ്മ ഭാരവാഹികളുടെ നേതൃസമ്മേളനം നടത്തി. കുടുംബകൂട്ടായ്മ പാലാ രൂപത ഡയറക്ടർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ സെമിനാറിന് നേതൃത്വം നൽകി.