സ്കൂൾ വിദ്യാർഥികൾ ഡിജിറ്റൽ വായനയെ തൊട്ടറിയാൻ കോളജിൽ. കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് വായന പക്ഷാചരണ വാരത്തിന്റെ ഭാഗമായി ദേവമാതാ കോളജിലെ ആധുനിക ഡിജിറ്റൽ ലൈബ്രറിയിലെത്തിയത്. ബ്രിട്ടീഷ് ലൈബ്രറിയും ഓക്സ്ഫോർഡ് ലൈബ്രറിയും കേംബ്രിഡ്ജ് ലൈബ്രറിയുമൊക്കെ വിരൽതുന്പിൽ വിജ്ഞാനം വിതറിയത് വിദ്യാർഥികൾക്ക് അത്ഭുതമായി.
കഴിഞ്ഞ വർഷം കോളജിൽ ആരംഭിച്ച ആധുനിക ഡിജിറ്റൽ സംവിധാനം കോളജിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് ഇതുവരെ ലഭിച്ചിരുന്നത്. വായനവാരത്തോടെ സ്കൂൾ വിദ്യാർഥികൾക്കും ഈ നേട്ടം ലഭ്യമായി. പ്രശസ്തരായ അനവധി എഴുത്തുകാരുടെ പുസ്തകങ്ങൾ സൗജന്യമായി വായിക്കാൻ കഴിയുമെന്ന് അറിഞ്ഞത് കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടാനും വായനയോട് താത്പര്യം വർധിപ്പിക്കാനും ഇടയാക്കി.
കോളജ് ലൈബ്രറിയിലെ ഐഡി കാർഡ് പഞ്ചിംഗ്, ലൈബ്രറി റഫർ ചെയ്യുന്ന കുട്ടികളുടെ തത്സമയവിവരങ്ങൾ, ഇഷ്ടപ്പെട്ട പുസ്തകങ്ങൾ കണ്ടെത്തൽ, പുസ്തകങ്ങളുടെ ചിട്ടപ്പെടുത്തൽ, പുസ്തകവിതരണരീതികൾ, റഫറൻസ് സംവിധാനങ്ങൾ തുടങ്ങി ലൈബ്രറിയിലെ വിവിധ സംവിധാനങ്ങളും കുട്ടികൾക്ക് പുതിയ അറിവായിരുന്നു. വിദ്യാർഥികളെയും അധ്യാപകരെയും കോളജ് പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫും ലൈബ്രറി ഉദ്യോഗസ്ഥരും പുസ്തകം നൽകി സ്വീകരിച്ചു.