ഭാരത സുറിയാനി സഭയുടെ വിശ്വാസപാരന്പര്യത്തിന്റെ അടിസ്ഥാനം മാർത്തോമ്മാ മാർഗമാണെന്നും അതിനെ തള്ളിപ്പറയുന്നവർ ട്രാക്ക് തെറ്റി ഓടുന്നവരാണെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്കാ കോണ്ഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട്ട് നടത്തിയ മാർത്തോമ്മാ മാർഗം വിശ്വാസസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ് മാർ കല്ലറങ്ങാട്ട്.
മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വം ചരിത്രവസ്തുതയാണ്. വ്യക്തിനിഷ്ഠമായ താത്പര്യങ്ങൾക്കു വേണ്ടി അതിനെ വളച്ചൊടിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. സഭയിലെ ഐക്യവും ഒത്തൊരുമയും തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള ഉത്തരമാണ് മാർത്തോമ്മാ മാർഗമെന്നും ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു.
സഭാദിനാചരണത്തിന്റെ ഭാഗമായി കത്തോലിക്കാ കോണ്ഗ്രസ് പാലാ രൂപത സംഘടിപ്പിച്ച സമ്മേളനത്തിൽ സഭയോടും സഭാതലവനോടും മാർത്തോമ്മാ പാരന്പര്യത്തോടുമുളള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമ്മേളനത്തിനു മുന്നോടിയായി സമുദായാചാര്യൻ നിധീരിക്കൽ മാണിക്കത്തനാരുടെ കബറിടത്തിൽ പ്രാർഥനാ ശുശ്രൂഷ നടത്തി.
എകെസിസി പാലാ രൂപതാ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിച്ച സംഗമത്തിൽ ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ സഭാദിന സന്ദേശം നൽകി. രൂപത ഡയറക്ടർ റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ വിഷയാവതരണം നടത്തി. സീറോ മലബാർ സഭാ വക്താവ് സാജു അലക്സ്, ജനറൽ സെക്രട്ടറി ഇമ്മാനുവൽ നിധീരി, ആൻസമ്മ സാബു, ഡോ.നിധീഷ് നിധീരി, റെജി പടിഞ്ഞാറേട്ട്, സാബു പൂണ്ടിക്കുളം , ജോസ് വട്ടുകുളം എന്നിവർ പ്രസംഗിച്ചു.
ബേബിച്ചൻ അഴിയാത്ത്, പയസ് കവളംമാക്കൽ, ജോണ്സണ് ചെറുവള്ളി, ബെന്നി പാലക്കാത്തടം, ബ്രെസ് വെള്ളാരംകാലായിൽ, തമസ് അരൂകുഴിപ്പിൽ, സി.എം.ജോർജ്, ബേബി ആലുങ്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.