“ഉണരാം, ഒരുമിക്കാം, ഉറവിടത്തിൽ” എന്ന ആഹ്വാനവുമായി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയം സെപ്റ്റംബർ 1ന് ആതിഥ്യമരുളുന്ന നസ്രാണി മഹാസംഗമത്തിന്റെ സ്മരണാർത്ഥം ഭൂരഹിത / ഭവന രഹിതരായവർക്ക് സമ്മാനിക്കുന്ന അഷ്ടഭവനങ്ങളുടെ നിർമ്മാണം അവസാനഘട്ടത്തിലായി. ഈ പദ്ധതി ഭൂരഹിത / ഭവന രഹിതരായ എട്ട് കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടമാകുന്നു. അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് മെയ് 17-ാം തീയതി നിർവഹിച്ചിരുന്നു.
സെപ്റ്റംബർ ഒന്നിന് നസ്രാണി മഹാസംഗമത്തിൽവെച്ച് ഭവനങ്ങളുടെ താക്കോൽ കൈമാറും. കുറവിലങ്ങാട് ഇടവകയിൽ നടത്തുന്ന സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായാണ് വീടുകൾ നിർമ്മിച്ചുനൽകുന്നത്. ഓരോ കുടുംബത്തിനും 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് നിർമ്മിച്ചുനൽകുന്നത്. ഇതിനുള്ള തുക ഇടവകയുടെ നേതൃത്വത്തിൽ കണ്ടെത്തുന്നു..
ഇടവകയിൽ നടത്തുന്ന സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായ മുത്തിയമ്മ കാരുണ്യഭവന പദ്ധതികളോടു ചേർത്ത് കാരുണ്യഭവനം മറിയം വീടുകളെന്നും ഈ പദ്ധതി വിളിക്കപ്പെടുന്നുണ്ട്. ഇടവകാംഗമായ ജോസഫ് പുതിയിടം ആണ് എട്ട് ഭവനങ്ങൾക്കുള്ള സ്ഥലം ദാനംചെയ്തത്. തന്റെ മാതാവിന്റെ അനുസ്മരണാർഥമാണ് 30 സെന്റ് സ്ഥലം തന്റെ വിഹിതത്തിൽനിന്ന് സംഭാവന ചെയ്യാൻ തീരുമാനമെടുത്തതെന്ന് ജോസഫ് പറഞ്ഞു. സ്ഥലം സംഭാവന ചെയ്ത ജോസഫ് പുതിയിടന്റെ സാമ്പത്തിക സഹായവും ഭവനനിർമ്മാണത്തിലുണ്ടാകും.
എട്ട് ഭൂരഹിത കുടുംബങ്ങളെ കണ്ടെത്തി മൂന്ന് സെന്റ് ഭൂമി വീതം അവരുടെ പേരിൽ എഴുതി നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. നസ്രാണി മഹാസംഗമം നടക്കുന്ന സെപ്റ്റംബർ ഒന്നിന് വീടുകളുടെ താക്കോൽദാനം നടത്താനാകുന്ന വിധത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കും. കഴിഞ്ഞ ദിവസം എട്ടു ഭവനങ്ങളുടെയും കോൺക്രീറ്റ് വർക്കുകൾ പൂർത്തിയായി.
കാരുണ്യവർഷത്തോടനുബന്ധിച്ച് കരുണയുടെ വിശുദ്ധകവാടം തുറന്നപ്പോൾ 342 ദിനങ്ങളിൽ ഒരു ദിനം ഒരു വീടിന് എന്ന ക്രമത്തിൽ 342 വീടുകളുടെ നിർമ്മാണത്തിന് അര ലക്ഷം രൂപവീതം നൽകി ഇടവക സാമൂഹിക പ്രതിബദ്ധത വെളിവാക്കിയിരുന്നു. നാനാജാതി മതസ്ഥരായവർക്ക് സഹായഹസ്തം നീട്ടിയ ഇടവക കാരുണ്യവർഷസമാപനത്തിൽ വീടുകളുടെ നിർമ്മാണപൂർത്തീകരണത്തിനും സാമ്പത്തിക സഹായം നൽകിയിരുന്നു.
സഹവികാരിയും വി. കൊച്ചുത്രേസ്യാ സോൺ ഡയറക്ടറും നസ്രാണി മഹംസംഗമത്തിന്റെ കൺവീനറുമായ ഫാ. തോമസ് കുറ്റിക്കാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീടുനിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ജോസഫ് ജെ പുതിയിടം, ബിജു കോയിക്കൽ, ഷാജി പുതിയിടം, സിബി ഓലിക്കൽ തുടങ്ങിയവർ ഒത്തുചേർന്നുള്ള പ്രവർത്തനങ്ങളിൽ കർമ്മനിരതരാണ്.