ഉണരാം ഒരുമിക്കാം ഉറവിടത്തില്‍ എന്ന ആഹ്വാനവുമായി മാര്‍ത്തോമ്മായുടെ ശ്ലൈഹിക പാരമ്പര്യമുള്ള നസ്രാണികളുടെ സംഗമം കുറവിലങ്ങാട് നസ്രാണി സംഗമം എന്ന പേരില്‍ സെപ്റ്റംബര്‍ ഒന്നിന് നടക്കും. സീറോ മലബാര്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അര്ക്കദിയാക്കോന് ദേവാലയമായ കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 1.30ന് പതിനയ്യായ്യിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രൗഡഗംഭീരസമ്മേളനം നടക്കും. സംഗമത്തിന്റെ ആദ്യഘട്ടമായി 25ന് ആരംഭിച്ച മരിയന്‍ കണ്വന്ഷന് വ്യാഴാഴച (29) സമാപിക്കും.
കൂനന്‍കുരിശ് വരെ ഒരുസഭയായി വളര്‍ന്ന് പിന്നീട് വിവിധ വിഭാഗങ്ങളായി മാറിയ സഭകളുടെ തലവന്മാര് സഭാ ഭരണത്തിന് നേതൃത്വം നല്കിയ കുറവിലങ്ങാട്ട് ഒരു വേദിയിലെത്തുന്നുവെന്നതാണ് സംഗമത്തിന്റെ പ്രധാന പ്രത്യേകത.വിശ്വാസപാരമ്പര്യവും ജന്മവും കര്‍മ്മവും വഴി വിശാല കുറവിലങ്ങാടിനോട് ഇഴചേര്‍ന്നിരിക്കുന്നവരുടെ പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ജീവിതായോധനത്തിന്റെ ഭാഗമായി കുറവിലങ്ങാട് നിന്ന് മലബാര്‍, ഹൈറേഞ്ച് മേഖലകളിലേക്കും വിവിധ രാജ്യങ്ങളിലേക്കും കുടിയേറിയവരുടേയും വിവാഹം വഴി മറ്റ് സ്ഥലങ്ങളിലേക്ക് മാറിയവരുടേയും പ്രതിനിധികള്‍ സംഗമത്തില്‍ എത്തിച്ചേരും.
ലോകചരിത്രത്തില്‍ ആദ്യമായി പരിശുദ്ധ ദൈവമാതാവ് പാദസ്പര്ശത്താല് അനുഗ്രഹീതവും സഭാ ചരിത്രത്തില്‍ നിര്‍ണായക നേതൃസ്ഥാനം വഹിക്കുകയും സമാനതകളില്ലാത്ത ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആഗോളതീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലാണ് കുറവിലങ്ങാട് ഇടവക സംഗമം വിളിച്ചുചേര്‍ക്കുന്നത്. പന്തക്കുസ്തയെ തുടര്‍ന്ന് വിശ്വാസം ഏറ്റുപറഞ്ഞ യഹൂദ വ്യാപാരികളിലൂടെ പകര്ന്നുനല്കപ്പെട്ട വിശ്വാസവും ആദ്യനൂറ്റാണ്ടിലും ആവര്‍ത്തിച്ചുള്ളതുമായ മരിയന്‍ പ്രത്യക്ഷീകരണങ്ങളും മാര്‍ തോമാശ്ലീഹായില്‍ നിന്ന് വിശ്വാസം സ്വീകരിച്ച പ്രമുഖ കുടുംബങ്ങളുടെ കുടിയേറ്റവും നാലാം നൂറ്റാണ്ടുമുതല്‍ പതിനേഴാം നൂറ്റാണ്ടുവരെ സഭയെ നയിച്ച അര്‍ക്കദിയാക്കോന്മാര്‍ക്ക് ജന്മമേകുകയും കര്‍മ്മകേന്ദ്രമായി വര്‍ത്തിക്കുകയും ചെയ്തതും കുറവിലങ്ങാടിനെ വിശ്വാസത്തിന്റേയും സര്‍വ്വോപരി നസ്രാണികളുടെ ഉറവിടവും അഭിമാനകേന്ദ്രവുമാക്കി മാറ്റി. കുറവിലങ്ങാട് കേന്ദ്രീകൃതമായി വളര്‍ന്നു പന്തലിച്ച അവിഭക്ത ക്രൈസ്തവ സഭയുടെ നേരനുഭവും സാക്ഷ്യവുമായി ഈ സംഗമം മാറ്റാനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
സംഗമദിനമായ സെപ്റ്റംബര്‍ ഒന്നിന് രാവിലെ അന്താരാഷ്ട്ര മരിയന്‍ സിമ്പോസിയം ദേവമാതാ കോളജ് ഇ ലേണിംഗ് സെന്ററില്‍ നടക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം റിലേറ്റര്‍ മോണ്‍. ഡോ. പോള്‍ പള്ളത്ത്, റോമിലെ ക്ലരീറ്റിയം പ്രഫസര്‍ റവ.ഡോ. ജോര്‍ജ് ളാനിത്തോട്ടം, രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രഫസര്‍ റവ.ഡോ. ജയിംസ് പുലിയുറുമ്പില്‍ മേഡറേറ്ററായിരിക്കും. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 1.30ന് ഇടവകയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനം. തുടര്‍ന്ന് ആരംഭിക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഓര്‍ത്തഡോക്സ് സഭാതലവന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതിയന് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സീറോ മലങ്കര സഭാ തലവന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിക്സ് കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. മാര്‍ത്തോമ്മാ സഭാ തലവന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ക്നാനായ സുറിയാനി സഭാ തലവന്‍ കുര്യാക്കോസ് മാര്‍ സെവേറിയോസ് വലിയമെത്രാപ്പോലീത്ത, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാ തലവന്‍ ബസേലിയോസ് മാര്‍ സിറിള്‍ മെത്രാപ്പോലീത്ത, കല്‍ദായ സുറിയാനി സഭാ തലവന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത, യാക്കോബായ സഭാ മെത്രാപ്പോലീത്തന്‍ ട്രസ്്റ്റിയും കൊച്ചി ഭദ്രാസനം മെത്രാപ്പോലീത്തയുമായ ജോസഫ് മോര് ഗ്രിഗോറിയോസ്, ചങ്ങനാശേരി അതിരൂപതാധ്യന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ സ്വാഗതമാശംസിക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഉജ്ജെയ്ന്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റിയന് വടക്കേല്‍, പത്തംതിട്ട രൂപതാധ്യക്ഷന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്, ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍, താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്, കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മിസിസാഗ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍, ഗ്രേറ്റ്ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മുവാറ്റുപുഴ രൂപതാധ്യക്ഷന്‍ മാര്‍ യൂഹനോന്‍ മാര്‍ തെയഡോഷ്യസ്, സാഗര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജയിംസ് അത്തിക്കളം, ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിറിയക് തോമസ് എന്നിവര്‍ പ്രസംഗിക്കും.
മുത്തിയമ്മ ഫൊലോഷിപ്പ് ഓഫ് നസ്രാണീസ് അംഗത്വവിതരണോദ്ഘാടനം സീറോമലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ നിര്‍വഹിക്കും. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ ആദ്യ അംഗത്വം സ്വീകരിക്കും. ദേവമാതാ കോളജ് സ്വാശ്രയവിഭാഗം കെട്ടിടത്തിന്റെ നാമകരണം പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നിര്‍വഹിക്കും. മെമന്റോ വിതരണോദ്ഘാടനം വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം റിലേറ്റര്‍ മോണ്‍. പോള്‍ പള്ളത്ത് നിര്‍വഹിക്കും. നസ്രാണി മഹാസംഗമസ്മാരക അഷ്ടഭവന പദ്ധതി സമര്‍പ്പണം ജോസ് കെ. മാണി എംപി നിര്‍വഹിക്കും. എട്ട് ഭൂരഹിത കുടുംബങ്ങള്‍ക്ക് സ്ഥലം വീടും നല്കുന്ന പദ്ധതിയാണ് അഷ്ടഭവന പദ്ധതി.
അഷ്ടഭവനങ്ങളുടെ താക്കോല്‍ദാനം തോമസ് ചാഴികാടന് എംപി, കേന്ദ്രന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് ജോര്‍ജ് കുര്യന്, മോന്‍സ് ജോസഫ് എംഎല്‍എ, റോഷി അഗസ്റ്റിന് എംഎല്‍എ, പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, സഭാതാരം ഡോ. എ. ടി ദേവസ്യ, സഭാതാരം ജോണ്‍ കച്ചിറമറ്റം എന്നിവര്‍ സമ്മാനിക്കും. പദ്ധതി പ്രായോജകരായ വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികള്‍ താക്കോല്‍ ഏറ്റുവാങ്ങും. സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ നന്ദി പ്രകാശിപ്പിക്കും.
സംഗമത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് എത്തുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സംഘങ്ങള്‍ക്കും പ്രത്യേക മെമന്റോ സമ്മാനിക്കും. സ്നേഹവിരുന്നും നടക്കും.
സംഗമത്തിന്റെ ആദ്യഘട്ടമായി വ്യാഴാഴ്ച (29) സമാപിക്കുന്ന മരിയന്‍ കണ്വന്ഷന് യാക്കോബായ സഭ സിനഡ് സെക്രട്ടറി കോട്ടയം ഭദ്രാസനം മെത്രാപ്പോലീത്ത തോമസ് മാര്‍ തിമോത്തിയോസാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് ആറിന് ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനം മെത്രാപ്പോലീത്ത തോമസ് മാര്‍ അത്തനേഷ്യസ് സമാപനസന്ദേശം നല്‍കും.
സംഗമവിജയത്തിനായി ഇടവകയില്‍ പ്രാര്‍ത്ഥനാമണിക്കൂര്‍ ആചരണവും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുന്നു. സംഗമത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇടവകകള്‍ക്കും പ്രത്യേക മെമന്റോ സമ്മാനിക്കും. സംഗമത്തിലെത്തുന്നവരുടെ പേരുവിവരങ്ങളടക്കം ചരിത്രരേഖയായി സൂക്ഷിക്കാനും പദ്ധതിയുണ്ട്. ക്രമീകരണങ്ങള്‍ക്കായി 1000 അംഗ വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.
സംഗമത്തിനെത്തുന്നവര്‍ക്കായി വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും വലിയൊരു പേടകം തുറക്കുന്നുവെന്നതും ശ്രദ്ധേയമാണ്. മാതാവ് പ്രത്യക്ഷപ്പെട്ട് കുട്ടികള്‍ക്ക് കാണിച്ചുകൊടുത്ത അത്ഭുത ഉറവ, അര്‍ത്ഥസമ്പുഷ്ടമായ ഉല്ലേഖനങ്ങള്‍ നിറഞ്ഞ ഒറ്റക്കല്‍കുരിശ്, ഏഷ്യയിലെ ഏറ്റവും വലിയ പള്ളിമണികള്‍, എട്ടുനാക്കുകളുള്ള ഒറ്റത്തടിയില്‍ തീര്‍ത്ത ചിരവ, ചരിത്രവിസ്മയം സമ്മാനിക്കുന്ന മ്യൂസിയം, മതസൗഹാര്‍ദ്ദത്തിന്റെ സംഗമ ഭൂമിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ചെറിയ പള്ളി എന്നിങ്ങനെ വിദേശികളെയടക്കം ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. അവിഭക്തനസ്രാണി സഭകളുടെ അഭിമാനമായിരുന്ന അര്‍ക്കദിയാക്കോന്മാര്‍, പ്രഥമ ഏതദ്ദേശീയ മ്രെതാന് പറമ്പില്‍ ചാണ്ടി, ബഹുഭാഷാ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ നിധീരിക്കല്‍ മാണിക്കത്തനാര്‍, പുണ്യശ്ലോകന്‍ പനംങ്കുഴയ്ക്കല്‍ വല്യച്ചന് തുടങ്ങിയവരെ ആധ്യാത്മിക രംഗത്തും ഷെവലിയര്‍ വി.സി ജോര്‍ജ്, ഡോ. പി.ജെ തോമസ് തുടങ്ങിയവരെ പൊതുരംഗത്തും സംഭാവന ചെയ്യാന്‍ കഴിഞ്ഞ ചരിത്രപാരമ്പര്യവും കുറവിലങ്ങാടിനുണ്ട്. മണര്‍കാട്, അതിരമ്പുഴ, രാമപുരം, മുട്ടുചിറ, കോതനെല്ലൂര്‍, പാലാ കത്തീഡ്രല്‍ എന്നിവയടക്കമുള്ള ദേവാലയങ്ങളുടെ പെറ്റമ്മയും ഏഷ്യയിലെ ഏറ്റവും വലിയ ഇടവകയുമാണ് മഹാസംഗമത്തിന് ആതിഥ്യമരുളുന്നത്. പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കോര്‍ കമ്മിറ്റിയംഗങ്ങളായ ബെന്നി കൊച്ചുകിഴക്കേടം,ജിമ്മി പാലയ്ക്കല്‍,ടാന്സണ് പൈനാപ്പിള്ളില്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു .