വിദ്യാലയങ്ങളിൽ സൃഷ്ടിപരമായ ചിന്തകൾ ഉണ്ടാകണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ശതോത്തര രജതജൂബിലിയുടേയും സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂൾ ശതാബ്ദിയുടേയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വിദ്യാഭ്യാസമേഖല ആത്മീയതയോടും കാർഷികമേഖലയോടും ചേർന്നുനിൽക്കണം. സൃഷ്ടാക്കളെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളായി വിദ്യാലയങ്ങൾ മാറണം മാർ കല്ലറങ്ങാട്ട് പറഞ്ഞു.
നാട്ടിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കംകുറിച്ച ഹയർ സെക്കൻഡറി സ്കൂളിന്റേയും പെൺകുട്ടികൾക്കു വിദ്യാഭ്യാസസൗകര്യം സമ്മാനിച്ച ഗേൾസ് എൽപി സ്കൂളിന്റെയും ജൂബിലി ആഘോഷങ്ങൾ പ്രൗഢോജ്വല സമ്മേളനത്തോടെയാണു സമാപിച്ചത്. വിദ്യാർഥികളും അധ്യാപകഅനധ്യാപകരും രക്ഷിതാക്കളും സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ആഘോഷങ്ങൾക്കാണ് സ്വാതന്ത്ര്യദിന പിറ്റേന്ന് സമാപനമായത്. ആഘോഷങ്ങൾ ഒഴിവാക്കി സ്മാരക മന്ദിരങ്ങളുമായി വിദ്യാർഥികൾക്ക് കൂടുതൽ ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കാനായിരുന്നു മാനേജ്മെന്റ് ശ്രദ്ധിച്ചത്. രണ്ടു സ്കൂളുകളുടേയും ജൂബിലി സ്മാരക മന്ദിരങ്ങളുടെ നിർമാണം പുരോഗമിക്കുന്നു.
സമ്മേളനത്തിൽ തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സുവനീർ പ്രകാശനം ചെയ്തു. സ്കൂളുകളുടെ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, സക്കറിയാസ് കുതിരവേലി, സിസ്റ്റർ ജെയ്സ്, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, പി.എൻ. മോഹനൻ, കെ.സി. ബിനുകുമാരി, പി.കെ. മിനി, എസ്. ശ്രീലത, ബേബി തൊണ്ടാംകുഴി, ഡോ. ഫിലിപ്പ് ജോൺ, എൻ.ജെ. ജോസഫ്, ആൻസി ജോസ്, ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഡോ. ചാർളി സെബാസ്റ്റ്യൻ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഡോ. ജെയ് ജേക്കബ്, ജോർജുകുട്ടി ജേക്കബ്, സിസ്റ്റർ ലിസ മാത്യു എന്നിവർ പ്രസംഗിച്ചു. സമ്മേളനനാന്തരം നടന്ന കലാപരിപാടികൾ സമാപനാഘോഷങ്ങൾക്കു മിഴിയേകി.