സെന്റ് മേരീസ് ബോയിസ് ഹൈസ്കൂളിലെ കുട്ടികൾ രാമപുരത്തുവാര്യരുടെ നാടായ രാമപുരത്തേക്ക് പഠനയാത്ര സംഘടിപ്പിച്ചു.
എട്ടാം ക്ലാസിലെ കേരള പാഠാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുചേലവൃത്തം വഞ്ചിപ്പാട്ടിലെ സാന്ദ്രസൗഹൃദം എന്ന പാഠഭാഗത്തിന്റെ സത്ത നേരിട്ടു മനസിലാക്കുന്നതിനായിരുന്നു യാത്ര. വള്ളംകളി മത്സരത്തിനിടയിൽ കാലാകാലങ്ങളായി തുഴക്കാർ ആവേശപൂർവം താളമിട്ടു പാടുന്നത് കുചേലവൃത്തം വഞ്ചിപ്പാട്ടിലെ വരികളാണ്. കോട്ടയം ജില്ലയിലെ ജനജീവിതവും സാധാരണക്കാരുടെ കഷ്ടപ്പാടുകളും ഹൃദ്യമായ ഭാഷയിൽ വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ വാര്യർ അവതരിപ്പിച്ചിരിക്കുന്നു. ഇത് തൊട്ടറിയുവാനാണ് വിദ്യാർഥികൾ വാര്യരുടെ നാട്ടിലേക്ക് ഇറങ്ങിത്തിരിച്ചത്.
രാമപുരത്തുവാര്യരുടെ വസതിയുടെ സ്ഥാനത്തുള്ള ആർവിഎം യുപി സ്കൂളും പരിസരവും വിദ്യർഥികൾക്ക് പഴയ തിരുവിതാംകൂറിന്റെ ഓർമകൾ സമ്മാനിച്ചു. രാമപുരത്തുവാര്യരുടെ വസതിയും പരിസരവും നേരിട്ടു കാണുവാനും മനസിലാക്കുവാനും എത്തിച്ചേർന്ന വിദ്യാർഥികൾ അദ്ദേഹത്തിന്റെ പേരിലുള്ള എഴുത്തുതറയ്ക്കുമുന്പിൽ വള്ളംകളിയുടെ വായ്ത്താരിഘോഷം മുഴക്കി.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജാൻസി ഫിലിപ്പ് ആശംകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.എം. ചിത്ര വിദ്യാർഥികളെയും അധ്യാപകരെയും സ്വീകരിച്ചു.