ദേവമാതാ കോളജ് സ്വാശ്രയവിഭാഗം പ്രോഗ്രാമുകൾക്കായി നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഭാരതസഭാചരിത്രത്തിൽതന്നെ ഇടംനേടി കുറവിലങ്ങാട് നസ്രാണി മഹാസംഗമ സ്മാരകമായി നിർമിച്ചിരിക്കുന്ന മന്ദിരം ഇന്ന് മൂന്നിനാണ് വിദ്യാർഥികൾക്കും നാടിനുമായി സമർപ്പിക്കുക. ഇന്ന് മൂന്നിന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മന്ദിരം ഉദ്ഘാടനം ചെയ്യും. തുടർന്ന് കെട്ടിടം ആശീർവദിക്കും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ അസി. വികാരിയും കോളജ് ബർസാറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, അസി.വികാരിമാരായ ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, അസി.പ്രഫ. ഫാ. മാത്യു എണ്ണയ്ക്കാപ്പിള്ളിൽ എന്നിവർ സഹകാർമികരാകും.
18,000 അടി വിസ്തീർണത്തിലാണ് മൂന്ന് നിലകളിലായി കെട്ടിടം നിർമിച്ചിട്ടുള്ളത്. ക്ലാസ് മുറികൾക്കൊപ്പം ഇ-ലേണിംഗ് സൗകര്യം ഉറപ്പാക്കി ബൃഹത്തായ കംപ്യൂട്ടർ ലാബും ക്രമീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബും പുതിയ ബ്ലോക്കിൽ ക്രമീകരിച്ചിരിക്കുന്നു. മൂന്ന് കോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടനിർമാണം പൂർത്തീകരിച്ചിട്ടുള്ളത്.
ബിരുദതലത്തിൽ ബിഎ ത്രീമെയിൻ, ബികോം -ടാക്സേഷൻ, ബികോം കോ-ഓപറേഷൻ, ബിരുദാനന്തര തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ കോഴ്സുകളും സ്വാശ്രയമേഖലയിൽ നടത്തുന്നു. സ്വാശ്രയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യാപക-അനധ്യാപകർ എന്നിവർ നേതൃത്വം നൽകും.