ദേവമാതാ കോളജ് സ്വാശ്രയവിഭാഗം കോഴ്സുകൾക്കായി നിർമിച്ച കുറവിലങ്ങാട് നസ്രാണി മഹാസംഗമ ബ്ലോക്ക് ആശീർവദിച്ച് വിദ്യാർഥികൾക്കും നാടിനുമായി സമർപ്പിച്ചു. നാടിന്റെ സമസ്തമേഖലയിലുമുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന പ്രൗഢോജ്വല സമ്മേളനത്തിലാണ് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ബഹുനിലമന്ദിരത്തിന്റെ ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ചത്.
വിദ്യാർഥികൾ വായന മറക്കരുതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ സമയം പാഴാക്കരുതെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശത്തിൽ പറഞ്ഞു. അടിസ്ഥാനമേഖലയിൽ വായന ഉണ്ടാകേണ്ടത് അനിവാര്യമാണ്. അടിസ്ഥാനമേഖലയിലെ പുസ്തകങ്ങൾ പലതും വേദപുസ്തകം പോലെയാണ്. സ്വപ്നം കാണുന്നവരും ഉത്തരം നൽകുന്ന വ്യക്തിത്വങ്ങളുമായി വിദ്യാർഥികൾ മാറണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ്, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ പ്രസംഗിച്ചു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, സീനിയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരിമാരായ ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ.മാണി കൊഴുപ്പൻകുറ്റി, സ്പെഷ്യൽ കണ്ഫെസർ ഫാ. ജോർജ് നിരവത്ത്, അസി.പ്രഫ. ഫാ. മാത്യു എണ്ണയ്ക്കാപ്പിള്ളിൽ, പാലാ സെന്റ് തോമസ് കോളജ് അസി. പ്രഫസർമാരായ ഫാ. കുര്യാക്കോസ് കാപ്പിലിപറന്പിൽ, ഫാ. മാത്യു ആലപ്പാട്ട്മേടയിൽ എന്നിവർ തിരുക്കർമങ്ങളിൽ സഹകാർമികരായി.
18,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബഹുനിലകെട്ടിടമാണ് വിദ്യാർഥികൾക്കായി തുറന്നുനൽകിയത്. ആധുനിക സൗകര്യമുള്ള കംപ്യൂട്ടർലാബടക്കം പുതിയ ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ്മുറികളും പുതിയ ബ്ലോക്കിന്റെ പ്രത്യേകതയാണ്.