പാലാ രൂപത സം ഘടിപ്പിക്കുന്ന കർഷകസംഗമത്തിന്റെ പ്രചരണത്തിനായി കുറവിലങ്ങാട് ഇടവകയിൽ ഭവനസന്ദർശനം പൂർത്തീകരിച്ചു. മൂന്ന് ദിനങ്ങൾക്കുള്ളിൽ ഇടവകാതിർത്തിയിലെ ആയ്യായിരത്തിലേറെ ഭവനങ്ങളാണ് സന്ദർശിച്ചത്. ഇടവകാംഗങ്ങളുടെ 3104 വീടുകൾക്കൊപ്പം ഇതരമതസ്ഥരുടെ വീടുകളും സന്ദർശിച്ച് സന്ദേശം കൈമാറി.
കർഷകസംഗമത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും പങ്കാളിത്തം ഉറപ്പാക്കാനുമായാണ് ഭവനസന്ദർശനം നടത്തിയത്. ഇടവകയിലെ 81 കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കൂട്ടായ്മ യൂണിറ്റുഭാരവാഹികളും യോഗപ്രതിനിധികളും നേതൃത്വം നൽകി. ഭവനസന്ദർശനവേളയിൽ ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരണവും നടത്തി. കാൽലക്ഷത്തോളം ഒപ്പ് ശേഖരിച്ച് നൽകാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
സംഗമത്തിലേക്ക് വാർഡ് അടിസ്ഥാനത്തിൽ ബസുകളിലാകും കർഷകരെത്തുക. ഇതിനൊപ്പം സ്വകാര്യവാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കർഷകരോഷം അണപൊട്ടുന്ന സംഗമത്തിൽ കുറവിലങ്ങാട് ഇടവകയിൽ നിന്നുള്ളവർ കൊട്ടാരമറ്റം സ്റ്റാൻഡിലും സാന്തോം കോംപ്ലക്സിലും സംഗമിച്ചാവും റാലി ആരംഭിക്കുന്നത്.
പാളത്തൊപ്പിയും തലേക്കെട്ടുമൊരുക്കി റാലിയിൽ സാന്നിധ്യമറിയിക്കുന്നതിനൊപ്പം നിശ്ചലദൃശ്യങ്ങളിലൂടെ കർഷകരുടെ ദയനീയ അവസ്ഥകളെ ചിത്രീകരിക്കാനും തയാറെടുപ്പുകൾ നടക്കുന്നുണ്ട്.
പള്ളിയോഗവും കുടുംബകൂട്ടായ്മയും നേതൃത്വം നൽകി സോണ്തലത്തിലും വാർഡ്തലത്തിലും സംഘാടകസമിതികൾ വിളിച്ചുചേർത്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘശക്തിയറിയിച്ച ഭവനസന്ദർശനം നടത്തിയത്. ഇടവകയിലെ ഓരോ വാർഡുകളും ഓരോ ബാനറുകൾക്ക് കീഴിൽ അണിനിരന്ന് സംഘശക്തിവിളിച്ചോതാണ് തീരുമാനം.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിലാണ് ഇടവകയൊന്നാകെ കാർഷിക പ്രശ്നങ്ങൾ അധികാരികളിലെത്തിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നത്.