മൂന്നുനോന്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല സംഗമം ഇന്ന് നടക്കും. തിരുനാളുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെ സംബന്ധിച്ച് ആലോചിക്കാനും നടപ്പിലാക്കാനുമാണ് യോഗം വിളിച്ചുചേർത്തിട്ടുള്ളത്. ഇന്ന് നാലിന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിന്റെ യോഗശാലയിലാണ് യോഗം ചേരുന്നത്. മോൻസ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ പാലാ ആർഡിഒയാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
ആയിരക്കണക്കായ തീർഥാടകരെത്തുന്ന തിരുനാളെന്ന നിലയിൽ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം തിരുനാളിന് മുൻപ് നടപ്പിലാക്കും. കെസ്ആർടിസി, റവന്യൂ, പോലീസ്, ഫയർഫോഴ്സ്, മൃഗസംരക്ഷണ വകുപ്പ്, മോട്ടോർ വാഹനവകുപ്പ്, എക്സൈസ്, കെസ്ഇബി, പൊതുമരാമത്ത്, കെഎസ്ടിപി, തൊഴിൽ, അളവുകളും തൂക്കങ്ങളും, ഹെഡ്ലോഡിംഗ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇടവകപ്രദേശത്തെ പഞ്ചായത്തുകളായ കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, കാണക്കാരി, കടപ്ലാമറ്റം, ഞീഴൂർ പഞ്ചായത്തുകളുടെ ജനപ്രതിനിധികളും പങ്കെടുക്കും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ തിരുനാൾ കമ്മിറ്റിയിലെ വിവിധ വിഭാഗങ്ങളുടെ ചെയർമാൻമാരും യോഗത്തിൽ പങ്കെടുക്കും.