ഒരു നൂറ്റാണ്ടിനുള്ളിൽ ആയിരക്കണക്കായ പെണ്‍കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരം സമ്മാനിച്ച സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂൾ ശതാബ്ദി സ്മാരക മുത്തിയമ്മ ബ്ലോക്ക് നാടിന് സമർപ്പിച്ചു. ആറ് ക്ലാസ് മുറികളായി ക്രമീകരിച്ചിട്ടുള്ള ഇരുനില ബ്ലോക്ക് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ആശീർവദിച്ച് നാടിന് സമർപ്പിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നടത്തിയ ശ്രമങ്ങൾ സമൂഹത്തിൽ വലിയ പുരോഗതിക്ക് വഴിതെളിച്ചതായി മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.
സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഫാ. ജോസഫ് അമ്മനത്തുകുന്നേൽ എന്നിവർ പ്രാർഥനകളിൽ സഹകാർമികരായി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
ദേവമാതാ കോളജ് പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ്, സെന്റ് മേരീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാനാധ്യാപകരായ നോബിൾ തോമസ്, ജോർജുകുട്ടി ജേക്കബ്, സിസ്റ്റർ ബെൻസി റോസ്, മാർട്ടിൻ ജോസഫ്, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.