കേരള കത്തോലിക്ക വിദ്യാർഥി സഖ്യത്തിന്റെ (കെസിഎസ്എൽ) 104-ാമത് സംസ്ഥാന കലോത്സവം നാളെയും മറ്റെന്നാളും കുറവിലങ്ങാട്ട് നടക്കും. ദേവമാതാ കോളജിലും സെന്റ് മേരീസ് സ്കൂളുകളിലുമുള്ള 16 വേദികളിലായി ആയിരത്തിലേറെ പ്രതിഭകൾ മാറ്റുരയ്ക്കും. നാളെ 9.30ന് വിളംബര ഘോഷയാത്ര നടക്കും. രണ്ടിനു മാർത്തോമ്മാ നസ്രാണി ഭവനിൽ ഉദ്ഘാടന സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനംചെയ്യും.
കെസിഎസ്എൽ സംസ്ഥാനപ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളിൽ അധ്യക്ഷത വഹിക്കും. ബിഷപ് അബ്രഹാം മാർ ജൂലിയോസ് കലോത്സവം ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എംപി ബ്രോഷറിന്റെ പ്രകാശനകർമം നിർവഹിക്കും. ചലചിത്ര താരം മിയ ജോർജ് മുഖ്യാതിഥിയായിരിക്കും. പാലാ രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് മലേപ്പറന്പിൽ, മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, കെസിഎസ്എൽ സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ, രൂപത ഡയറക്ടർ ഫാ. ജോർജ് വരകുകാലാപറന്പിൽ, സംസ്ഥാന ജനറൽ ഓർഗനൈസർ സിറിയക് നരിതൂക്കിൽ, രൂപത പ്രസിഡന്റ് കെ.ജെ. സാലി, പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ തുടങ്ങിയവർ പ്രസംഗിക്കും.