കുറവിലങ്ങാട് പള്ളിയിൽ ഫെബ്രുവരി 3, 4, 5 തീയതികളിൽ നടക്കുന്ന മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അവലോകനയോഗത്തിൽ വിവിധ സർക്കാർ വകുപ്പുകൾ എടുത്ത തീരുമാനങ്ങളുടെ തുടർനടപടികൾ അവലോകനം ചെയ്യാനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പുറത്തുവന്ന ചില സുപ്രധാന തീരുമാനങ്ങൾ:
കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷനിൽ വഴിമുടക്കി നിന്ന ട്രാൻസ്ഫോമറിന് സ്ഥാനമാറ്റമുണ്ടാകും. പണമടയ്ക്കുന്നതിനെ ചൊല്ലി പഞ്ചായത്തും കെഎസ്ടിപിയും മാറിമാറി ഉറപ്പുകൾ ഇത്തവണ പാലിക്കപ്പെട്ടിരിക്കുന്നു. ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കുന്നതിനായി പണമടച്ചതായി കെഎസ്ടിപി എൻജിനിയർ യോഗത്തിൽ അറിയിച്ചു. പണം ലഭ്യമായാലുടൻ ഒരുദിവസംകൊണ്ട് ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കുമെന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
ബൈപാസും സ്റ്റാൻഡും ബഹിഷ്കരിക്കുന്ന ബസുകൾക്കെതിരേ ശക്തമായ നടപടി ഉറപ്പാക്കാനും ഇതുസംബന്ധിച്ച് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർക്കാനും യോഗം നിർദേശിച്ചു. പോലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി വാഹനപരിശോധന നടത്താൻ നിർദേശം നൽകിയിരുന്നുവെങ്കിലും അത് നടപ്പിലായില്ല.
സെൻട്രൽ ജംഗ്ഷനിലെ ട്രാഫിക് ലൈറ്റ് യുക്തമായ സമയക്രമത്തിലേക്ക് മാറ്റുന്നതിന് കെൽട്രോണും പോലീസുമായി ചേർന്ന് യോഗം നടത്തണമെന്ന് കെഎസ്ടിപി ആവശ്യപ്പെട്ടു. ഇവിടുത്തെ മീഡിയൻ, സൗരോർജവിളക്കുകൾ എന്നിവ ഒരുക്കുന്നതിൽ കൂടുതൽ സമയം വേണ്ടിവരുമെന്ന നിലപാടിലായിരുന്നു കെഎസ്ടിപി.
മൂലങ്കുഴ പാലത്തിലുണ്ടായിട്ടുള്ള കുഴി പൊതുമരാമത്തിന്റെ നേതൃത്വത്തിൽ താത്ക്കാലികമായി അടയ്ക്കുന്നതിനു തീരുമാനിച്ചു.
തിരുനാൾ ദിനങ്ങളിൽ 156 അംഗ പോലീസിന്റെ സേവനം ലഭ്യമാക്കുമെന്നും അനധികൃത പാർക്കിംഗിനെതിരേ നടപടികളാരംഭിച്ചിട്ടുള്ളതായും പോലീസ് അധികാരികൾ യോഗത്തിൽ വ്യക്തമാക്കി.
കെഎസ്ആർടിസി, മോട്ടോർ വാഹനവകുപ്പ്, പോലീസ്, ഫയർഫോഴ്സ്, റവന്യൂ, പൊതുമരാമത്ത്, കെസ്ടിപി, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പ്, കെഎസ്ഇബി തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥർ തിരുനാളിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

മോൻസ് ജോസഫ് എംഎൽഎയുടെ നിർദ്ദേശപ്രകാരം പാലാ ആർഡിഒ പ്രദീപ്കുമാറാണ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം ഇന്നലെ 3.00 ന് കുറവിലങ്ങാട് പള്ളിമേടയിലെ യോഗശാലയിൽ വിളിച്ചുചേർത്തത്. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, കൈക്കാരന്മാർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ദിവാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി കുര്യൻ, ആൻസമ്മ സാബു, ബിനോയി ചെറിയാൻ തുടങ്ങിയവരും ചർച്ചയ്ക്ക് നേതൃത്വം നൽകി.