സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ, സിറോ മലബാർ സഭാദ്ധ്യക്ഷൻ അഭിവന്ദ്യ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനു തുടക്കമായി.
മാർ ജോർജ് ആലഞ്ചേരിക്കു കുറവിലങ്ങാട്ട് പ്രൗഢോജ്വല സ്വീകരണം നൽകി. ആർച്ച് പ്രീസ്റ്റ് ഫാ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, കുടുംബ കൂട്ടായ്മ ലീഡർ ഷാജിമോൻ മങ്കുഴിക്കരി, പ്രമോഷൻ കൗൺസിൽ ജനറൽ കൺവീനർ ഡോ. ജോയി ജേക്കബ് തൊണ്ടാംകുഴി, യോഗം സെക്രട്ടറി ബെന്നി കോച്ചേരി, സോൺ ലീഡർമാരായ ടി.ടി. ദേവസ്യാ തെനംകുന്നേൽ, ബിബിൻ വെട്ടിയാനി, ബിജു താന്നിക്കതറപ്പിൽ, ഷിബു തെക്കുംപുറം എന്നിവർ ചേർന്ന് സ്വീകരിച്ചു.
ദേവാലയമുറ്റവും കൽപ്പടവുകളും നിറഞ്ഞുകവിഞ്ഞ ജനസഞ്ചയത്തിലേക്കാണു കർദിനാൾ വന്നിറങ്ങിയത്.
സ്വീകരങ്ങൾ ഏറ്റുവാങ്ങിയശേഷം കുറവിലങ്ങാട് പള്ളിയിൽ നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിൽ കർദിനാൾ വിശ്വാസികൾക്കൊപ്പം പങ്കെടുത്തു. തുടർന്ന് ദേവാലയത്തിൽ ശ്ലൈഹിക ആശീർവാദം നൽകി. സഭയോടും സഭാ നേതൃത്വത്തോടും വൈദികരോടും സന്യസ്തരോടും കുറവിലങ്ങാട് പുലർത്തുന്ന ആദരവും സ്നേഹവും ശ്ലാഘനീയമാണെന്ന് മാർ ആലഞ്ചേരി പറഞ്ഞു.
സഭാകൂട്ടായ്മയുടെ അനുഭവം ഏറ്റവും കൂടുതൽ ലഭിക്കുന്നത് കുറവിലങ്ങാട്ട് എത്തുമ്പോഴാണ് . കുറവിലങ്ങാട് സീറോ മലബാർസഭയ്ക്കു സമ്മാനിക്കുന്നത് തറവാടനുഭവമാണെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ദേവാലയത്തിൽ സന്ദേശം നൽകുകയായിരുന്നു കർദിനാൾ.
മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയോട് കുറവിലങ്ങാട് ഇടവകയും പാലാ രൂപതാധ്യക്ഷനും നടത്തിയ പ്രത്യുത്തരം സീറോ മലബാർസഭയാകെ സ്വാഗതം ചെയ്തിരിക്കുകയാണ്. കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാൾ സീറോ മലബാർസഭയിലെ ഏറ്റവും വലിയ മൂന്നുനോമ്പ് ആചാരണമായി മാറിയിട്ടുണ്ട്.
സമീപകാലത്തുണ്ടായ ചെറിയ പ്രശ്നങ്ങളിൽനിന്ന് സഭ ഉയർത്തെഴുന്നേറ്റു വളരുകയാണിപ്പോൾ.
ഞാൻ കുറവിലങ്ങാടിന്റേതും നിങ്ങൾ എന്റേതുമാണ് – കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. സിബിസിഐ സിനഡിനുവേണ്ടിയും സഭ മുഴുവനും വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
വൈകിട്ട് ഇടവകയിൽ സേവനം ചെയ്യുന്ന വൈദികരും ഇടവകാതിർത്തിയിലുള്ള സന്യാസ, സന്യാസിനീ ഭവനങ്ങളിലെ അംഗങ്ങളും പള്ളിയോഗപ്രതിനിധികളും പാരീഷ് ഹാളിൽ നടത്തിയ സംഗമത്തിൽ കർദിനാൾ പങ്കെടുത്തു.
ഇന്ന് (ഞായർ) രാവിലെ 8.30ന് ഇടവകയിലെ ഭക്തസംഘടനാ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കും. 10.00 നു വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് 2.30ന് കുടുംബക്കൂട്ടായ്മാ ഭാരവാഹികളുടെ സമ്മേളനത്തിൽ പങ്കെടുത്താണ് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം സമാപിക്കുക.
2018 ജനുവരി 21നാണ് സീറോ മലബാർ സഭയിൽ ഒരു ഇടവക ദേവാലയത്തിനു നൽകുന്ന പരമോന്നത പദവിയായ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയും സീറോ മലബാർ സഭയുടെ സ്ഥാനിക ദേവാലയ പദവിയും കുറവിലങ്ങാട് മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിനു സഭ നൽകിയത്. ഇതിന്റെ ഭാഗമായുള്ള ആദ്യസന്ദർശനം കഴിഞ്ഞ വർഷം ജനുവരി 26, 27 തീയതികളിൽ കർദിനാൾ നടത്തിയിരുന്നു…