സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ, സിറോ മലബാർ സഭാദ്ധ്യക്ഷൻ അഭിവന്ദ്യ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങി. സഭാകൂട്ടായ്മയുടെ അനുഭവവും കുറവിലങ്ങാട് സീറോ മലബാർസഭയ്ക്കു സമ്മാനിക്കുന്ന തറവാടനുഭവവും അനുഭവിച്ചറിഞ്ഞാണ് കർദിനാൾ മടങ്ങിയത്.
ഇന്നലെ രാവിലെ കർദിനാൾ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. പാരമ്പര്യവും വിശ്വാസവും നിറഞ്ഞുനിൽക്കുന്ന ഇടവകയാണു കുറവിലങ്ങാടെന്ന് കർദിനാൾ സന്ദേശത്തിൽ പറഞ്ഞു.
ഔദ്യോഗിക സന്ദർശനത്തിനെത്തിയ സഭാപിതാവ് ഇന്നലെ സംഘടനാപ്രതിനിധികളെ നേരിൽകണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തി. കുറവിലങ്ങാട്, കുര്യനാട്, നസ്രത്ത്ഹിൽ എന്നിവിടങ്ങളിലെ വിശ്വാസപരിശീലകരുടെ സംഗമത്തിലും കുടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനത്തിലും പങ്കെടുത്താണ് കർദിനാൾ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തീകരിച്ചത്.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ എഡിറ്റ് ചെയ്ത കുറവിലങ്ങാടും മരിയ ദർശനങ്ങളും എന്ന പുസ്കവും കുറവിലങ്ങാട് നസ്രാണി മഹാസംഗമവുമായി ബന്ധപ്പെട്ട ഡോക്യുമെന്റും മേജർ ആർച്ച്ബിഷപ് പ്രകാശനം ചെയ്തു.