ഈ മാലിന്യ ശേഖരണവുമായി ദേവമാതായിലെ NSS യൂണിറ്റ്

Spread the love

100 വിദ്യാർത്ഥികൾ, 200 മിനിറ്റുകൾകൊണ്ട് 300റിലധികം വീടുകൾ കയറി 400 കിലോയോളം ഇ-വേസ്റ്റ് ശേഖരിച്ചു. കോഴാ ഗ്രാമത്തെ ഇ-മാലിന്യ വിമുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യമാണ് കൈവരിച്ചത്.
കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ 5-ാം വാർഡിലാണ് ഇ-മാലിന്യശേഖരണം നടത്തിയത്. ദേവമാതാ കോളേജിലെ എൻ.എസ്.എസ്. സന്നദ്ധസേവകരാണ് രംഗത്തിറങ്ങിയത്. അഞ്ചുപേർവീതമുള്ള ഇരുപത് ടീമുകൾ വാർഡിലെ മുന്നൂറിലധികം വീടുകളിൽ നേരിട്ടെത്തിയാണ് ഇ-മാലിന്യം ശേഖരിച്ചത്. മൂന്നുമണിക്കൂർ സമയംകൊണ്ട് ദൗത്യം പൂർത്തിയാക്കി.

ജലം, മണ്ണ്, വായു എന്നിവയുടെ മലിനീകരണത്തിലൂടെ അർബുദം അടക്കമുള്ള രോഗങ്ങൾക്ക് ഇ-മാലിന്യം കാരണമാകുമെന്ന തിരിച്ചറിവും വീടുകളിൽ ഇവർ പകർന്ന് നൽകി. ഇ-മാലിന്യത്തിൽ മിക്കവയിലുമുള്ള ലെഡ്, ആർസെനിക്, മെർക്കുറി, കാഡ്മിയം എന്നിവയാണ് മാരക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇതിനൊരു പ്രതിരോധമെന്ന നിലയിലാണ് പദ്ധതി ആവിഷ്കരിച്ചത്.

ഉപയോഗയോഗ്യമല്ലാത്ത മൊബൈൽ ഫോണുകൾ, കംപ്യൂട്ടർ ഭാഗങ്ങൾ, യു.പി.എസ്., ടെലിവിഷൻ, ക്ലോക്കുകൾ, വാച്ചുകൾ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേബിളുകൾ, ഫിലമെന്റ് ബൾബുകൾ, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ, ഡി.വി.ഡി., എം.പി. ത്രീ പ്ലെയറുകൾ തുടങ്ങിയവ വിദ്യാർത്ഥികൾ വീടുകളിലെത്തി ശേഖരിച്ചു. വിദ്യാർത്ഥികൾ ഇത് പ്രത്യേകമായി തരം തിരിച്ച് ശാസ്ത്രീയമായി രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിത സംസ്കരണത്തിന് വിധേയമാക്കും.

പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈജു പാവുത്തിയേൽ അധ്യക്ഷത വഹിച്ചു.ഷൈജു പാവുത്തിയേൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ആൽഫിൻ ചാക്കോ, പ്രസീത മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. സിറിൽ ചെമ്പനാനിക്കൽ, ജോസ് തോമസ് തെക്കുംവേലി, സാം പൈനാപ്പള്ളി എന്നിവർ പ്രസംഗിച്ചു.