സീറോ മലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നാളെയും മറ്റന്നാളും കുറവിലങ്ങാട്ട്. കുറവിലങ്ങാട് മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തിയതിന്റെ ഭാഗമായുള്ള ഔദ്യോഗിക സന്ദർശനമാണ് കർദിനാൾ നടത്തുന്നത്.
നാളെ വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയും കുറവിലങ്ങാട് മുത്തിയമ്മയുടെ നെവേനയും. അഞ്ചിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സ്വീകരണം. 5.15 ന് ജപമാല മെഴുകുതിരി പ്രദക്ഷിണം. തുടർന്ന് ശ്ലൈഹിക ആശീർവാദം. 8.30 ന് ഇടവകയിൽ സേവനം ചെയ്യുന്ന വൈദികരും ഇടവകാതിർത്തിയിലുള്ള സന്യാസ, സന്യാസിനീ ഭവനങ്ങളിലെ അംഗങ്ങളും പള്ളിയോഗപ്രതിനിധികളും ഒത്തുചേരുന്ന സംഗമത്തിൽ സഭാതലവൻ പങ്കെടുക്കും.
ഒൻപതിന് രാവിലെ 8.30 മുതൽ 9.30വരെ ഇടവകയിലെ വിവിധ സംഘടനകളിലെ അംഗങ്ങളുടെ സംഗമത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. 10 ന് മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 2.30 ന് കുടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനത്തിലും കർദിനാൾ പങ്കെടുക്കും.
2018 ജനുവരി 21 നാണ് സീറോ മലബാർ സഭയിൽ ഒരു ഇടവകദേവാലയത്തിന് സഭ നൽകുന്ന പരമോന്നത പദവിയായ മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് കുറവിലങ്ങാട് മർത്ത്മറിയം തീർഥാടന ഇടവകയെ സഭ ഉയർത്തിയത്.