കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിന്റെ 2019 പ്രവർത്തനവർഷത്തെ റിപ്പോർട്ട് മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയ്ക്ക് സമർപ്പിച്ചു. സിറോ മലബാർ സഭാദ്ധ്യക്ഷൻ അഭിവന്ദ്യ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി റിപ്പോർട്ട് ഏറ്റുവാങ്ങി.
മേജർ ആർക്കിഎപ്പിസ്കോപ്പൽ ദേവാലയമായി കുറവിലങ്ങാട് മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തെ ഉയർത്തിയതിന്റെ ഭാഗമായാണ് എല്ലാവർഷവും റിപ്പോർട്ട് സമർപ്പിക്കുന്നത്. 2019 സെപ്റ്റബർ 1 നു നടന്ന കുറവിലങ്ങാട് നസ്രാണി മാഹസംഗമമടക്കം മറ്റ് ഒട്ടേറെ വേറിട്ട പ്രവർത്തനങ്ങളെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർച്ച്പ്രീസ്റ്റ് പദവിക്ക് സിനഡ് അംഗീകാരം, സെന്റ് മേരീസ് സ്കൂളുകളുടെ ജൂബിലി സ്മാരക മന്ദിരങ്ങൾ, ദേവമാതാ കോളജിൽ നസ്രാണി മഹാസംഗമ സ്മാരക മന്ദിരം, സൗരോർജ പാനൽ, തിരുനാളുകൾ എന്നിങ്ങനെയുള്ള വിവരങ്ങളും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ റിപ്പോർട്ട് സമർപ്പിച്ചു. പാലാ രൂപത വികാരി ജനറാളായി നിയമിതനായ റവ.ഡോ. ജോസഫ് തടത്തിലിനെ പൂച്ചെണ്ട് നൽകി കർദിനാൾ അഭിനന്ദനം അറിയിച്ചു. കൈക്കാരന്മാരായ ജോണ്‍ സിറിയക് കരികുളം, ടിക്സണ്‍ മണിമലത്തടത്തിൽ, സോണ്‍ ലീഡർ ബിജു താന്നിക്കതറപ്പിൽ, യോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവരും റിപ്പോർട്ട് സമർപ്പണസംഘത്തിലുണ്ടായിരുന്നു.