കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലിയുടെ സ്മാരകമായി നിർമ്മാണം പൂർത്തീകരിച്ച സ്മാരക മന്ദിരത്തിന്റെ ആശിർവാദകർമ്മം ഫെബ്രുവരി 11 ന് ചൊവ്വാഴ്ച നടത്തും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ ബഹുനില മന്ദിരം അന്ന് 3.00 മണിക്ക് ആശീർവദിച്ച് നാടിന് സമർപ്പിക്കും. 2019 മെയ് 11നാണ് ശിലാസ്ഥാപനം സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ നിർവഹിച്ചത്. ഇതോടൊപ്പം ശിലാസ്ഥാപനം നടത്തിയ സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിന് ശതാബ്ദി സ്മാരകമായ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കി സമർപ്പണവും ആശീർവാദവും 2020 ജനുവരി 3ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവഹിച്ചിരുന്നു.
മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണൻ, മുൻ മന്ത്രി കെ എം മാണി തുടങ്ങിയ പ്രമുഖരുൾപ്പെടെ അനേകായിരങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന് അവസരം നൽകിയ സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ കഴിഞ്ഞ വർഷമാണ് ശതോത്തര രജത ജൂബിലി ആഘോഷിച്ചത്.
മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ, അസി. മാനേജർ ഫാ. തോമസ് കുറ്റിക്കാട്, സിനീയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ തുടങ്ങിയവരുടെ നേതൃത്വത്വത്തിൽ ഹെഡ്മാസ്റ്ററും അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നാടും നടത്തിയ പരിശ്രമങ്ങളിലൂടെയാണ് ബഹുനില മന്ദിരം യാഥാർഥ്യമായത്.
കംപ്യൂട്ടർ, ഇന്റർനെറ്റ്, എൽസിഡി പ്രൊജക്ടർ സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ്മുറികളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കുന്നത്. പുതിയ കെട്ടിടത്തിൽ യുപി, ഹൈസ്കൂൾ ഡിവിഷനുകളാണ് പ്രവർത്തിക്കുക. സ്റ്റാഫ് റൂം, ലൈബ്രറി, സൊസൈറ്റി, രോഗീപരിപാലനമുറി, വാഷിംഗ് എരിയ, ടോയ്ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മൂന്നു നിലകളിലായി 18 ക്ലാസ് മുറികളും അനുബന്ധസൗകര്യങ്ങളും സംയോജിപ്പിച്ചാണ് പുതിയ കെട്ടിടം മാനേജ്മെന്റ് വിഭാവനം ചെയ്തിരിക്കുന്നത്.
1888-ൽ നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട് പള്ളിയുടെ പടിപ്പുരയിലും വാദ്യപ്പുരയിലുമായി ആരംഭം കുറിച്ച ഇംഗ്ലീഷ് പള്ളിക്കൂടമാണ് ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട് പരിണാമങ്ങളിലൂടെ കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾവരെ വളർച്ച പ്രാപിച്ച് നാടിൻറെ അഭിമാനമായി തിലകക്കുറിയായി തല ഉയർത്തിനിൽക്കുന്നത്.