കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ഇടവകയിൽനിന്നു സ്ഥലമാറ്റം ലഭിച്ച് സ്ഥലംമാറി പോകുന്ന ആർച്ച് പ്രീസ്റ്റിനും സഹവികാരിമാർക്കും ഇടവക സമൂഹത്തിന്റെ ആദരവ്. ഹൃദയപൂർവ്വം എന്ന പേരിലാണ് ആദരവും സമ്മേളനവും സംഘടിപ്പിച്ചത്.
പാലാ രൂപത വികാരി ജനറാളായി സ്ഥലംമാറുന്ന ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ, ഗുജറാത്തിലെ സബർമതി മിഷനിൽ വികാരിയായി ചുമതലയേൽക്കുന്ന ഫാ. ജോർജ് നെല്ലിക്കൽ, പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളി വികാരിയായി സ്ഥലംമാറുന്ന ഫാ. തോമസ് കുറ്റിക്കാട്ട്, കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി അസിസ്റ്റന്റ് വികാരിയായി ചുമതലയേൽക്കുന്ന ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരിയായി സ്ഥലം മാറുന്ന ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർക്കാണ് യാത്രയയപ്പും ആദരവും നൽകിയത്.
സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ദിവാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി തുടങ്ങിയവർ പ്രസംഗിച്ചു.
കൈക്കാരന്മാരായ ജോൺ സിറിയക് കരികുളം, ടിക്സണ് മണിമലത്തടത്തിൽ, സുനിൽ ഒഴുക്കനാക്കുഴി, സിജോ മുക്കത്ത്, പ്രമോഷൻ കൗൺസിൽ ജനറൽ കൺവീനർ ഡോ. ജോയി ജേക്കബ് തൊണ്ടാംകുഴി എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു.
വിവിധ സംഘടനാഭാരവാഹികൾ ആദരവറിയിച്ചു. ഇടവകാതിർത്തിയിലെ വിവിധ സന്യാസ-സന്യാസിനീ സഭാംഗങ്ങളും ഗവൺമെന്റ് ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പൊതുപ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.