കൊറോണ വ്യാപനം വ്യാപകമാകാതിരിക്കുവാൻ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ മാർച്ച് 21 ശനിയാഴ്ച (ഇന്നു മുതൽ) ദിവ്യബലി അർപ്പണത്തിനായി ദേവാലയത്തിൽ ആർക്കും പ്രവേശനം അനുവദിക്കുന്നതല്ല. സാധാരണദിവസങ്ങളിൽ രാവിലെ 5.30, 6.30 വൈകുന്നേരം 5.00നും ഞായറാഴ്ചകളിൽ രാവിലെ 5.30, 7.00, 9.00, 11.00, വൈകുന്നേരം 4.30നും കുറവിലങ്ങാട് പള്ളിയുടെ ഔദ്യോഗിക യു ട്യൂബ് ചാനലായ youtube.com/kuravilangadchurchTv യിലും, ഔദ്യോഗിക ഫേസ് ബുക്ക് പേജായ www.facebook.com/KuravilangadChurch എന്ന പേജിലും വിശുദ്ധ കുർബാനയുണ്ടായിരിക്കും. ഇതിൽ സമയം ക്രമീകരിച്ച് പങ്കെടുക്കാവുന്നതാണ്.
കൊറോണയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനകീയ കർഫ്യൂ ദിനമായ നാളെ (22.3.2020 ഞായർ) അഖണ്ഡ ജപമാലദിനമായി കുറവിലങ്ങാട് ഇടവകയിൽ ആചരിക്കും.
നാളെ ഇടവകയിലെ 3200 കുടുംബങ്ങളും ഇടവകയിൽ സേവനം നൽകുന്ന സന്യാസിനി ഭവനങ്ങളും ചേർന്ന് 14 മണിക്കൂർ അവരവരുടെ ഭവനങ്ങളിൽ അഖണ്ഡ ജപമാല ചൊല്ലും. 3200 കുടുംബങ്ങളും രാവിലെയും സന്ധ്യയ്ക്കും ഓരോ ജപമാലയർപ്പിക്കും. ഇതിനൊപ്പം അഖണ്ഡ ജപമാലയുടെ ഭാഗമായി ഒരു നിശ്ചിത സമയത്തും ഒരു ജപമാലയർപ്പിക്കും. ഇടവകയിലെ 3200 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന 4 സോണുകളും 28 വാർഡുകളും കേന്ദ്രീകരിച്ച് ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടവകയൊന്നാകെ യാമപ്രാർഥനകളും നടത്തും.
രാവിലെ 9.00 മണി മുതൽ 12.00 മണി വരെ സാന്തോം സോണിലും 12.00 മണി മുതൽ മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെ വിശുദ്ധ അൽഫോൻസാ സോണിലും 3.00 മണി മുതൽ 6.00 വരെ വിശുദ്ധ കൊച്ചുത്രേസ്യാ സോണിലും 6.00 മണി മുതൽ 9.00 മണി വരെ സെന്റ് ജോസഫ് സോണിലുമുള്ള കുടുംബങ്ങളാണ് ജപമാല നടത്തേണ്ടത്.
സാധിക്കുന്നിടത്തോളം കുടുംബങ്ങൾ യാമപ്രാർത്ഥനകളും ജപമാലയോട് ചേർത്ത് ചൊല്ലേണ്ടതാണെന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ പറഞ്ഞു.
റംശാ, ലെലിയാ, സപ്രാ, മൂന്നാം മണിക്കൂർ, മധ്യാഹ്നം, ഒൻപതാം മണിക്കൂർ എന്നീ യാമപ്രാർത്ഥനകൾ ചൊല്ലാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് കൂടുതൽ ദൈവാനുഗ്രഹമാകും. യാമപ്രാർത്ഥനകൾക്കായി സീറോമലബാർ യാമപ്രാർത്ഥനകൾ എന്ന് പ്ലേ സ്റ്റോറിൽ ടൈപ്പ് ചെയ്ത് ഡൗൺലോഡ് ചെയ്യാം.
ഭവനങ്ങളുടെ കണക്കിൽ 10,000 ജപമാലയിൽ ഇടവകയിലെ പതിനയ്യായിരത്തിലധികം വരുന്ന വിശ്വാസികൾ പങ്കുചേരുന്നതോടെ ചൊല്ലിത്തീർക്കുന്ന ജപമാലയുടെ എണ്ണം കോടികൾ പിന്നിടും.
മാതാവിന്റെ പ്രത്യക്ഷീകരണം നടന്ന ലോകത്തിലെ ആദ്യസ്ഥലമെന്ന നിലയിലാണ് ജപമാലയിലൂടെ ഇടവകയൊന്നാകെ മാധ്യസ്ഥം തേടുന്നതെന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ പറഞ്ഞു. ഈ ക്രമീകരണങ്ങൾ പാലിച്ച് എല്ലാ വീടുകളും പ്രാർത്ഥനയുടെ അരൂപിയിലും സംരക്ഷണത്തിലുമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആർച്ച്പ്രീസ്റ്റ് പറഞ്ഞു.
തിങ്കൾ മുതൽ 31 വരെയുള്ള ദിവസങ്ങളിലും ഒരോ കുടുംബങ്ങളും മൂന്ന് ജപമാലകൾ വീതം ചൊല്ലാനാണ് നിർദേശം നൽകിയിട്ടുള്ളത്. വിശുദ്ധ കുർബാനകളിലൊന്നിലും നേരിട്ട് പങ്കെടുക്കാൻ വിശ്വാസികൾക്ക് അനുമതിയില്ലാത്ത സാഹചര്യത്തിൽ മുഴുവൻ കുർബാനകളിലും ഓണ്ലൈനായി പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാവുന്നതാണ്.
ദിവ്യബലിയിൽ തത്സമയം പങ്കെടുക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. www.youtube.com/KuravilangadChurchTV