ആഗോളമരിയൻ തീർത്ഥാടന കേന്ദ്രവും പുണ്യപുരാതീനവുമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയും ലക്ഷക്കണക്കായ മുത്തിയമ്മ ഭക്തരും ഇനി തിരുനാളുകളുടെ പുണ്യദിനങ്ങളിലേക്ക്.
മൂന്നുനോമ്പ് തിരുനാൾ, ദേശതിരുനാളുകൾ, വിശുദ്ധ സെബസ്ത്യാനോസിന്റെ പത്താം തീയതി തിരുനാൾ എന്നിവയിലൂടെ ഒരുമാസത്തിനുള്ളിൽ വലിയ ആത്മീയവിരുന്നിന് ആതിഥ്യമരുളുന്നതിനുള്ള തയാറെടുപ്പിലാണ് സിറോ മലബാർ സഭയിലെ ഏറ്റവും വലിയ ഇടവകയായ കുറവിലങ്ങാട്ടെ ഇടവക സമൂഹം.
തിരുനാളുകൾക്ക് മുന്നോടിയായി പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരവും അർക്കദിയാക്കാന്മാരുടെ ശ്രാദ്ധവും നടക്കും.
തിരുനാളുകളിലും തിരുകർമങ്ങളിലും വിശ്വാസികളുടെ പങ്കാളിത്തം പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ചാണ് ക്രമീകരിക്കുന്നത്.
തിരുനാളുകളുമായി ബന്ധപ്പെട്ട് ആചാരങ്ങളിലൊന്നിലും കുറവില്ലാതെ നടത്തുന്നതിനുള്ള ഒരുക്കമാണ് സർക്കാർതലത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെടുത്തി വിവിധ സർക്കാർ വകുപ്പുകൾ ആവശ്യമായ ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ ആത്മീയമായ മുന്നേറ്റത്തിനുള്ള അവസരമായി തിരുനാളുകളെ കണ്ടെത്തുന്നതിനാണ് ഇടവക നേതൃത്വം വഹിക്കുന്നത്. വലിയനോമ്പിലേക്ക് പ്രവേശിക്കുന്നതിനായി ഇടവകയ്ക്കൊന്നാകെ വലിയ ആത്മീയ ഉണർവിനുള്ള അവസരമായാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരത്തിന് 17ന് ഞായറാഴ്ച്ച കൊടിയേറും. 23ന് ശനിയാഴ്ച അർക്കദിയാക്കോന്മാരുടെ ശ്രാദ്ധം. 24ന് ഞായറാഴ്ച്ച മൂന്നുനോമ്പ് തിരുനാളിന് കൊടിയേറും. 25, 26, 27 തീയതികളിൽ മൂന്നുനോമ്പ് തിരുനാൾ. ഫെബ്രുവരി 7ന് ഞായറാഴ്ച്ച ദേശതിരുനാളുകൾക്കും പത്താംതീയതി തിരുനാളിനും കൊടിയേറും. 13,14 തീയതികളിലാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ പത്താംതീയതി തിരുനാൾ. 15-ാം തീയതി ആചരിക്കുന്ന വിഭൂതിതിരുന്നാളോടെ തിരുന്നാളുകൾക്ക് സമാപനമാകും.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, സഹവികാരിമാരായി ഫാ. ജോസഫ് അമ്പാട്ട്, ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ. തോമസ് കൊച്ചോടയ്ക്കൽ, ഫാ. മാത്യു പാലക്കാട്ടുകുന്നേൽ, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, കൈക്കാരന്മാർ, യോഗപ്രതിനിധികൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.