ഭക്തിയുടെയും വിശ്വാസത്തിന്റെയും അനുഭവം സമ്മാനിച്ച് ഇന്നലെ കുറവിലങ്ങാട് പള്ളിയിൽ കപ്പലോട്ടം നടന്നു. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ മൂന്ന്നോമ്പ് തിരുനാളിന്റെ രണ്ടാംദിനമായിരുന്ന ഇന്നലെയായിരുന്നു ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം. ആർച്ച് പ്രീസ്റ്റിന്റെ അനുമതി ലഭിച്ചതോടെ പള്ളിയുടെ ആനവാതിലിലൂടെ കപ്പൽ പള്ളിമുറ്റത്തെത്തി കൊടികൾ ഉയർത്തിക്കെട്ടി. മൂന്നു തവണ പള്ളിനട ഓടിക്കയറി പ്രദക്ഷിണത്തിനു തുടക്കം കുറിച്ചു. തുടർന്ന് കപ്പൽ ചെറിയ പള്ളിയുടെ നടയിലെത്തി മൂന്നു തവണ നട ഓടിക്കയറി കുരിശിൻ മേൽ ചുംബനം. വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുസ്വരൂപത്തെ കൂടെ ചേർത്ത് വർണാഭമായ പ്രദക്ഷിണമായി വീണ്ടും വലിയ പള്ളിയുടെ മുറ്റത്തേക്ക്. ഒരിക്കൽ കൂടി മുത്തിയമ്മയെ വന്ദിച്ച് കപ്പൽ കടപ്പൂർ ദേശത്തിന്റെ കൈക്കരുത്തിൽ മൂന്നു വട്ടം മുന്നോട്ടും പിന്നോട്ടും നീങ്ങി. പള്ളിമുറ്റത്ത് ആടിയുലഞ്ഞ് സഞ്ചരിച്ച് പടികളിലൂടെ കുരിശിൻ തൊട്ടിയിലേക്ക് ഇറങ്ങി. തളിർ വെറ്റിലയും നാണയത്തുട്ടുകളും വിശ്വാസികൾ കപ്പലിലേയ്ക്ക് കാഴ്ചയായി സമർപ്പിച്ചു.
പള്ളിമണിമാളികയിലെ ഏഷ്യയിലെ ഏറ്റവും വലിയ മൂന്ന് മണികൾ പ്രദക്ഷിണം സമയം മുഴുവൻ നാദം മുഴക്കി. കപ്പൽ ആടിയുലഞ്ഞു. പരിമിതമായ ഭക്തജനസാന്നിധ്യത്തിൽ തിരമാലകൾ കണക്കെ കപ്പൽ ഓടിയടുക്കുകയും അകലുകയും ചെയ്തു. ആനയും അമ്പാരിയും താളമേളങ്ങളും പൊൻ, വെള്ളി കുരിശുകളും മുത്തുക്കുടകളും ആലവട്ടവും വെഞ്ചാമരവും തിരിക്കാലുകളും ഉത്സവച്ഛായ തീർത്തു… അനുഗ്രഹവുമായി വിശുദ്ധരുടെ തിരുശേഷിപ്പുകളും തിരുസ്വരൂപങ്ങളും… കുരിശിൻതൊട്ടിയിൽവെച്ച് ആടിയുലഞ്ഞ കപ്പലിൽനിന്ന് യോനാ പ്രവാചകന്റെ പ്രതിരൂപം എടുത്തുമാറ്റി. തുടർന്നുള്ള കപ്പലിന്റെ യാത്ര ശാന്തമായ യാത്രയായിരുന്നു…
പാരമ്പര്യപുണ്യങ്ങളിൽ തിളങ്ങി ഭക്തിയുടെയും വിശ്വാസത്തിന്റെയും അനുഭവം അനേകായിരങ്ങളിലേക്ക് സമ്മാനിച്ച് കരുത്തിന്റെ പ്രതീകമായ കടപ്പൂർ ദേശത്തിന്റെ കരങ്ങളിൽ ഒരേ താളത്തിലും വേഗത്തിലും കപ്പൽ ഉയർന്നു താഴ്ന്നപ്പോൾ ഓരോ വിശ്വാസിയും കടൽയാത്രയുടെ അനുഭവം അറിയുകയായിരുന്നു. കുരിശിൻ തൊട്ടിയിൽ കപ്പൽ ആടിയുലഞ്ഞു അങ്ങോട്ടും ഇങ്ങോട്ടുമുള്ള സഞ്ചാരം. ഒടുവിൽ കപ്പലിൽ നിന്ന് യോനാ പ്രവാചകനെ എടുമാറ്റിയതോടെ എല്ലാം ശാന്തമായി. യോനാ പ്രവാചകന്റെ കടൽ ക്ഷോഭത്തിലൂടെയുള്ള നിനവേ യാത്രയെ അനുസ്മരിയ്ക്കുന്നതാണ് കപ്പൽ പ്രദക്ഷിണം.
കപ്പൽ സംവഹിക്കുന്ന കടപ്പൂർ നിവാസികൾ മുത്തിയമ്മയ്ക്ക് മുൻപിൽ വെച്ചൂട്ട് നടത്തിയാണ് മടങ്ങുക. കപ്പലിന്റെ ഓട്ടുകുരിശ് ചുംബനവും പള്ളിനടകളിലേക്കുള്ള ഓടിക്കയറ്റവും കുരിശിൽ തലചായ്ച്ചുള്ള വിശ്രമവും യോനായെ കടലിലേക്ക് വലിച്ചെറിയുന്നതുമൊക്കെ മുടക്കങ്ങളില്ലാതെ നടന്നു… പ്രദക്ഷിണത്തിന് എത്തിച്ചേർന്ന വിശ്വാസികളെ ആത്മീയ നിറവിലെത്തിച്ചു…
കടപ്പൂർ നിവാസികൾ കപ്പൽ സംവഹിക്കുമ്പോൾ കാളികാവ് കരക്കാർ തിരുസ്വരൂപം സംവഹിക്കുന്നു. മുത്തുക്കുടകളെടുക്കാൻ മുട്ടുചിറ കണിവേലിൽ കുടുംബക്കാർ പതിവ് തെറ്റിക്കാതെയെത്തുന്നു. തിരുസ്വരൂപങ്ങൾ അതിരാവിലെ അണിയിച്ചൊരുക്കുന്നതും കാളികാവ് കരക്കാരാണ്. പ്രത്യേക അവകാശങ്ങൾ നിറവേറ്റുന്നവർക്കായി ഇടവകയുടെ അണുവിട തെറ്റാത്ത പിന്തുണയും ഉറപ്പാക്കുന്നുണ്ട്. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയെത്തുന്ന ഗജവീരന്റെ അകമ്പടിയും മുത്തുക്കുടകളും കൊടിതോരണങ്ങളും കപ്പൽപ്രദക്ഷിണത്തിന് കൂടുതൽ ശോഭ പകരുന്നു.
കപ്പൽ പ്രദക്ഷിണത്തിന് മുമ്പായി പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.