മുൻ രാഷ്ട്രപതി കെ.ആർ. നാരായണനടക്കം പത്താംതരം വിദ്യാഭ്യാസത്തിന് അവസരം സമ്മാനിച്ച ബോയ്സ് സ്കൂളിന്റെയും ആയിരക്കണക്കിനു പെണ്കുട്ടികൾക്ക് അക്ഷരജ്ഞാനം പകർന്ന നാടിന്റെ പെണ്പള്ളിക്കൂടത്തിന്റെയും ജൂബിലി ആഘോഷങ്ങൾക്ക് 16ന് തിരശീല വീഴും. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് തുടക്കമിട്ട ആഘോഷങ്ങളുടെ സമാപനം റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും.
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ശതോത്തര രജതജൂബിലിക്കും സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂൾ ശതാബ്ദിക്കുമാണ് സമാപനമാകുന്നത്. രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനത്തിൽ തിരിതെളിഞ്ഞ ആഘോഷങ്ങൾ സ്വാതന്ത്ര്യദിനപ്പിറ്റേന്ന് സമാപിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
ആഘോഷങ്ങളുടെ സ്മാരകമായി രണ്ടു സ്കൂളുകളിലും സ്മാരക കെട്ടിടസമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. നിധീരിക്കൽ മാണിക്കത്തനാരുടെ ദീർഘവീക്ഷണത്തിൽ നാട്ടിൽ ആദ്യമായി പള്ളിയുടെ പടിപ്പുരമാളികയിലും വാദ്യപ്പുരയിലുമായി ആരംഭിച്ച സ്കൂളാണ് 125 വർഷം പിന്നിടുന്നത്. കുറവിലങ്ങാട്ട് കർമലീത്താ മഠം ആരംഭിച്ചതിന്റെ ശതാബ്ദിക്കൊപ്പമാണ് മഠത്തിന്റെ വിളിപ്പാടകലെയുള്ള സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിന്റെ ശതാബ്ദിയെന്നതും ഇരട്ടിമധുരം സമ്മാനിക്കുന്നു.
ജൂബിലികളുടെ സമാപനസനമ്മേളനം 16 ന് 10.30 മുതൽ മുത്തിയമ്മ ഹാളിൽ നടക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സ്കൂളുകളുടെ മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ ആമുഖപ്രഭാഷണവും ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണവും നടത്തും. മോൻസ് ജോസഫ് എംഎൽഎ സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ സുവനീർ പ്രകാശനം നിർവഹിക്കും.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ ആഘോഷപരിപാടികൾക്കു നേതൃത്വം നൽകും.