കുറവില്ലാനാട് നിറവാര്‍ന്ന നേരം

Spread the love


പ്രൗഢമായ ഉല്പത്തിയും മഹിതമായ ചരിത്രവും ചരിത്രത്തിലെ ആദ്യത്തെയും എന്നാല്‍ ആവര്‍ത്തിച്ചുള്ളതുമായ മരിയന്‍ പ്രത്യക്ഷീകരണങ്ങളും സ്വന്തമായുള്ള ലോകത്തിലെ ഏകജനതയാണ് കുറവിലങ്ങാട്ടെ മുത്തിയമ്മയുടെ മക്കള്‍. ദൈവത്തിന്റെ സ്വന്തം ജനമെന്നോ തിരഞ്ഞെടുക്കപ്പെട്ട ജനമെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടാവുന്നവര്‍! അഥവാ ദൈവത്തിന്റെ കരസ്പര്‍ശം പ്രത്യേകമായി അനുഭവിക്കാന്‍ വിളി ലഭിച്ചവരോ? എന്തുതന്നെയായാലും സര്‍വ്വശക്തന്റെ മുമ്പില്‍ അഞ്ജലീബദ്ധരായി നില്ക്കുകയാണ് ഈ ദൈവജനം, കുറവുകളേതുമില്ലാതെ തങ്ങളെ പരിപാലിക്കുന്ന തമ്പുരാന്‍ നിറവുകളുടെ കലവറ തങ്ങള്‍ക്കായി മലര്‍ക്കെ തുറന്നതിനെപ്രതി.
മാര്‍തോമ്മാശ്ലീഹാ നേരിട്ടു സ്ഥാപിച്ച ക്രൈസ്തവ സമൂഹങ്ങള്‍ ഏതിനേക്കാളും ആരംഭകാലം മുതല്‍ പ്രധാന്യം കുറവിലങ്ങാട് കൈവരിച്ചുവെങ്കിലും ശ്ലീഹാ സ്ഥാപിച്ച സമൂഹമെന്നു അവകാശപ്പെടുവാന്‍ കുറവിലങ്ങാട്ടെ ദൈവജനം ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ന്യായമായും ഉന്നയിക്കാവുന്നവയും സത്യസന്ധമെന്നു ഉറപ്പായി വിശ്വസിക്കുന്നവയും പോലും പുറത്തേക്കറിയിക്കുവാന്‍ വൈമനസ്യമുള്ളവരാണ് ഈ ദൈവജനമെന്നു നിരീക്ഷിക്കപ്പെടുന്നു.
അറിയപ്പെടുന്ന പട്ടണമോ ഭരണകേന്ദ്രമോ തുറമുഖമോ ഒന്നുമില്ലായിരുന്നുവെങ്കിലും കുറവിലങ്ങാട്ട് ഈശോമിശിഹായുടെ സുവിശേഷം പന്തക്കുസ്തായുടെ തൊട്ടടുത്ത നാളുകളില്‍ തന്നെ എത്തിചേര്‍ന്നു എന്നത് ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലായി തന്നെ കണക്കാക്കാം. കുന്നുകളും ചെറുകാടുകളും ആടുമാടുകളെ വളര്‍ത്താന്‍ പ്രയോജനപ്പെടുത്തിയ ഇവിടുത്തെ കൃഷിക്കാര്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രമുഖ ഉല്പാദകരായിരുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങുവാന്‍ സ്ഥിരമായി എത്തിയിരുന്ന യഹൂദ കച്ചവടക്കാരില്‍ ചിലര്‍ പന്തക്കുസ്തായ്ക്കുശേഷം മടങ്ങിയെത്തിയത് യഹൂദ ക്രൈസ്തവരായിട്ടാണത്രെ. അവര്‍ മുഖേന വിശ്വാസം സ്വന്തമാക്കിയ ചെറുഗണത്തിനു ലഭിച്ച അമൂല്ല്യ സമ്മാനമാണ് പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം. കുറവിലങ്ങാട്ടേയ്ക്ക് ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായുണ്ടായ ക്രൈസ്തവ കുടിയേറ്റത്തിന്റെ കാരണവും ഈ മരിയന്‍ പ്രത്യക്ഷീകരണമാണ് എന്ന് വിലയിരുത്തപ്പെടുന്നു. മാര്‍തോമ്മാശ്ലീഹായില്‍നിന്നു നേരിട്ട് ജ്ഞാനസ്‌നാനം സ്വീകരിച്ച പാലയൂരെ പ്രമുഖ കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ കുടിയേറിയത് മതപീഡനത്തില്‍ നിന്നു രക്ഷപ്പെടുവാനായിരുന്നു എന്ന വാദം ശരിയാണെങ്കില്‍ പോലും കടന്നു പോന്ന പ്രമുഖ സ്ഥലങ്ങളും സുരക്ഷിത കേന്ദ്രങ്ങളും അവര്‍ തങ്ങള്‍ക്കായി തിരഞ്ഞെടുത്തില്ല. അക്കാലത്ത് താരതമ്യേന അപ്രശസ്തമായിരുന്ന കുറവിലങ്ങാട് ലക്ഷ്യമാക്കി അവര്‍ വന്നുവെങ്കില്‍ മരിയന്‍ പ്രത്യക്ഷീകരണമെന്ന ഏക കാരണമാണ് അതിന്റെ പിന്നില്‍ അവിതര്‍ക്കിതമായി നിലകൊള്ളുന്നത്. അമ്മ സംരക്ഷിച്ച വിശ്വാസികളും ആകര്‍ഷിച്ച വിശ്വാസികളും ഒരേ മനസ്സോടെ വസിക്കുവാനും വിശ്വാസം ജീവിക്കുവാനും ആരംഭിച്ചപ്പോള്‍ എ.ഡി. 105ല്‍ തന്നെ തനതായ ഒരു ക്രൈസ്തവ ആരാധനാ സമൂഹം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അസ്തിത്വവും വ്യക്തിത്വവും ആര്‍ജ്ജിച്ച ഈ ക്രൈസ്തവ സമൂഹം തനതായ ഒരു ഭരണസംവിധാനം തന്നെ വികസിപ്പിച്ചെടുക്കാന്‍ തക്ക ഔന്നിത്യം കൈവരിച്ചിരുന്നു എന്നതിന്റെ തെളിവാണ് അര്‍ക്കദിയാക്കോന്‍ (ആര്‍ച്ച്ഡീക്കന്‍) എന്ന അതുല്യ സ്ഥാനം. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും പണ്ഡിതര്‍ക്കും ഇതുവരെ പഠിച്ചു തീര്‍ക്കാനാവാത്തത്ര സാധ്യതകളാണ് ഈ സ്ഥാനത്തിന് സ്വന്തമാക്കാനായിട്ടുള്ളത്.
കാലപ്രവാഹത്തില്‍ കുറവിലങ്ങാട്ടെ ക്രൈസ്തവ സമൂഹം കടപുഴകിയില്ലന്നു മാത്രമല്ല ചരിത്രം രചിക്കുവാനുള്ള നേതൃത്വത്തെ അര്‍ക്കദിയാക്കോന്മാരും അനന്തരഗാമികളുമായി പ്രദാനം ചെയ്തു. ഈ ചരിത്ര പുരുഷന്മാരുടെ അദ്ധ്വാന ഫലങ്ങളിലൊന്നായ ഇടവക ദൈവാലയത്തെ മരിയാ മജോരെ എന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യൂറോപ്യന്‍ മിഷണറിമാര്‍ തന്നെ വിസ്മയം പൂണ്ടു വിശേഷിപ്പിച്ചുവല്ലോ. 2018 ജനുവരി 21 ഞായറാഴ്ച രാവിലെ 10.15 ന് കുറവിലങ്ങാട്ട് ദൈവാലയത്തില്‍ നമ്മുടെ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്തിച്ചേര്‍ന്ന സമയം മുതല്‍ ഇവിടുത്തെ വിശ്വാസികള്‍ കടന്നു പോയത് നിറവാര്‍ന്ന അനുഭവങ്ങളിലൂടെയാണ്. അഭിവന്ദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പ്

  • തനിമയും പൗരാണികത്വവും നഷ്ടമാകാത്ത രീതിയില്‍ നവീകരിച്ച കുറവിലങ്ങാട് മര്‍ത്ത്മറിയം ദൈവാലയം വെഞ്ചരിച്ചതും
  • പരിശുദ്ധ അമ്മയുടെ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവ ആശീര്‍വദിച്ചതും
  • നമ്മുടെ സഭയുടെ ഇടവകയ്ക്കുള്ള ഏറ്റവും വലിയ അംഗീകരമായ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയ പദവി ആദ്യം ലഭിക്കുന്ന ദൈവാലയമായി കുറവിലങ്ങാടിനെ ഉയര്‍ത്തിയതും
  • കുറവിലങ്ങാടിനെ മര്‍തോമ്മാ നസ്രാണി മക്കളുടെ ജറുസലേം എന്നു വിശേഷിപ്പിച്ചതും
  • മാര്‍തോമ്മാ മക്കളുടെ തറവാട് എന്ന് പ്രഖ്യാപിച്ചതും വഴി കുറവിലങ്ങാടിനെ, കൃപയ്ക്ക് മേല്‍ കൃപ എന്നപോലെ നിറവും നിറവുകളുടെ മേല്‍ ഉപരി നിറവും പ്രദാനം ചെയ്യുന്ന അനുഭവത്തിലേയ്ക്ക് തന്നെയാണ് നയിച്ചത്.
    ലഭിച്ച അനുഗ്രഹങ്ങളെ പൂഴ്ത്തി വയ്ക്കാതെ വര്‍ദ്ധിപ്പിക്കുവാനും പങ്കുവയ്ക്കുവാനും തീക്ഷ്ണതയുള്ളവരാകാം നമുക്ക്.