കാർഷിക അവഗണനയ്ക്കെതിരെ അലയടിച്ച പ്രതിഷേധത്തിൽ കുറവിലങ്ങാടിന്റെ സംഘശക്തി വെളിവായി. സീറോ മലബാർ സഭയിലെ ഏക മേജർ ആർക്കിഎപ്പിസ്കോപ്പൽ ഇടവകയായ കുറവിലങ്ങാടുനിന്ന് ആയിരങ്ങളാണ് കർഷകറാലിയിലും മതിലിലുമെത്തിയത്. ഒരാഴ്ചനീണ്ട ബോധവത്കരണ ശ്രമങ്ങളുടെയും സംഘാടക മികവിന്റെയും തെളിവായി മാറി കുറവിലങ്ങാടിന്റെ പങ്കാളിത്തം.
ഇടവകയിലെ 28 വാർഡുകളുടെ അടിസ്ഥാനത്തിലാണ് ഇടവകാംഗങ്ങൾ അണിനിരന്നത്. ഓരോ വാർഡുകളും അതിലെ കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ അടിസ്ഥാനത്തിലാണ് റാലിയിൽ പങ്കാളികളായത്. ഇടവകയിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും ശക്തമായ പങ്കാളിത്തം ഉറപ്പാക്കിയതോടെ മൂവായിരത്തോളം പേരാണ് പ്രതിഷേധക്കെടുക്കാറ്റിന്റെ ഭാഗമായത്. ഇടവക നേതൃത്വം നൽകിയ റാലിയിൽ നാനാജാതി മതസ്ഥരുടെ സാന്നിധ്യവും പ്രകടമായിരുന്നു. ഇടവകയുടെ നേതൃത്വത്തിൽ കാൽലക്ഷത്തോളം ഒപ്പുകളാണ് ശേഖരിച്ചത്.
വൈദികരും അല്മായരും പാളത്തൊപ്പിയും തോർത്തുമായി കർഷകപാരന്പര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പങ്കെടുത്തത്. കൊട്ടാരമറ്റം ഭാഗത്ത് നിന്നാരംഭിച്ച റാലിയിൽ ശക്തമായ സാന്നിധ്യമാകാൻ കഴിഞ്ഞതിന്റെ ആവേശവും ഇടവകക്കാരിൽ വ്യക്തമായിരുന്നു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരിയും സംഘാടകസമിതി കണ്‍വീനറുമായിരുന്ന ഫാ. മാണി കൊഴുപ്പൻകുറ്റി, അസി.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, കൈക്കാരന്മാരായ ടിക്സണ്‍ മണിമലത്തടത്തിൽ, സിജോ മുക്കത്ത്, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറൽ ലീഡർ ഷാജിമോൻ മങ്കുഴിക്കരി, സോണ്‍ ലീഡർമാരായ പ്രഫ. ടി.ടി. ദേവസ്യ തെനംങ്കാലായിൽ, ബിബിൻ വെട്ടിയാനിക്കൽ, ബിജു താന്നിയ്ക്കത്തറപ്പിൽ, ഷിബു തെക്കുംപുറത്ത്, സോണ്‍ സെക്രട്ടറിമാരായ ഗ്രേസി കുരുവിനാക്കുന്നേൽ, ജെസി മാണിക്യംകുഴിയിൽ, യോഗപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.