അർക്കദിയാക്കോന്മാരുടെ ദീപ്തസ്മരണകൾ നിറഞ്ഞുനിൽക്കുന്ന പകലോമറ്റം തറവാട് പള്ളിയിൽ പുഴുക്കുനേർച്ചയിൽ പങ്കെടുക്കാൻ ആയിരങ്ങൾ. മാർ തോമാശ്ലീഹായുടെ തിരുനാളിന്റെ ഭാഗമായാണ് തറവാട് പള്ളിയിൽ പുഴുക്കുനേർച്ച ഒരുക്കിയത്. തിരുനാളിന് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ കൊടിയേറ്റി. സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർ സഹകാർമികരായി. കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിവികാരി ഫാ. ജയിംസ് വെട്ടുകല്ലേൽ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി. കുര്യം കപ്പേളയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ വിശ്വാസികളുടെ സജീവസാന്നിധ്യം നിറഞ്ഞുനിന്നു. തുടർന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ നേർച്ച ആശീർവദിച്ചു.
ഇന്ന് രാവിലെ 6.30 ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം സീനിയർ അസി.വികാരി ഫാ.കുര്യാക്കോസ് വെള്ളച്ചാലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് പ്രദക്ഷിണം.