കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിൽനിന്നു സ്ഥലംമാറി പോകുന്ന ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിനും സ്ഥലംമാറുന്ന നാല് സഹവികാരിമാർക്കും ഇന്ന് കുറവിലങ്ങാട് പൗരാവലി ആദരവ് നൽകും.ഇന്ന് (വ്യാഴം) വെകുന്നേരം 4 മണിക്ക് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം സംഗമം 5ന് മാർത്തോമ്മാ നസ്രാണി ഭവനിലെ മുത്തിയമ്മ ഹാളിൽ നടക്കും.
പാലാ രൂപത വികാരി ജനറാളായി സ്ഥലം മാറുന്ന ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, ഗുജറാത്തിലെ സബർമതി മിഷനിൽ വികാരിയായി ചുമതലയേൽക്കുന്ന ഫാ. ജോർജ് നെല്ലിക്കൽ, പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളി വികാരിയായി സ്ഥലംമാറുന്ന ഫാ. തോമസ് കുറ്റിക്കാട്ട്, കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി അസി.വികാരിയായി ചുമതലയേൽക്കുന്ന ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി അസി.വികാരിയായി സ്ഥലം മാറുന്ന ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർക്കാണ് ആദരവ് നൽകുന്നത്.
സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ദിവാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, പഞ്ചായത്തംഗം പി.എൻ. മോഹനൻ, തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽപെട്ടവർ ആദരവുകൾ അറിയിക്കും. ഇടവകയുടെ ഉപഹാരവും സംഗമത്തിൽ സമ്മാനിക്കും.