കുറവിലങ്ങാട് നസ്രാണി മഹാസംഗമ സ്മാരകശില്പം സമര്‍പ്പിച്ചു
കുറവിലങ്ങാട്: കൂനന്‍കുരിശ് സത്യത്തോടെ വിവിധ വിഭാഗങ്ങളായി വേര്‍പിരിഞ്ഞ ക്രൈസ്തവ സഭാതലവന്മാരടക്കമുള്ള പ്രതിനിധികള്‍ ഒരു വേദിയില്‍ സംഗമിച്ചതിന്റെ സ്മരണകള്‍ സമ്മാനിക്കുന്ന ശില്പം ഇനി തീര്‍ഥാടക സഹസ്രങ്ങള്‍ക്ക് സ്വന്തം. കുറവിലങ്ങാട് പള്ളിയുടെ യോഗശാലയില്‍ സ്ഥാപിച്ചിട്ടുള്ള കുറവിലങ്ങാട് നസ്രാണി മഹാസംഗമ സ്മാരക ശില്പം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനാച്ഛാദനം ചെയ്തു. നസ്രാണിമഹാസംഗമം ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ഇതര പൗരാണിക സഭകള്‍ക്ക് കുറവിലങ്ങാട് മാതൃകയാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു. കുറവിലങ്ങാട് നിന്ന് സഭയുടെ ഹൃദയത്തുടിപ്പുകള്‍ ഒപ്പിയെടുക്കാനാകും. പങ്കുവയ്ക്കുന്ന നേതൃത്വമാണ് സഭയുടെന്നതിനാല് സഭയുടെ വളര്‍ച്ചയ്ക്കായി കൂട്ടായ പരിശ്രമങ്ങള്‍ നടത്തണമെന്നും കര്‍ദിനാള്‍ പറഞ്ഞു.
ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍, പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്, സീനിയര്‍ അസിസ്റ്റന്റ് വികാരിയും കോളജ് ബര്‍സാറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, കൈക്കാരന് സിറിയക് ഐസക് തലച്ചിറ, നസ്രാണി മഹാസംഗമം ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ടി.ടി മൈക്കിള്‍, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
നസ്രത്തിലെ മംഗളവാര്‍ത്ത ബസിലിക്കയില്‍ കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം സ്ഥാപിച്ചതിന്റെ കൃതജ്ഞതാ ബലിയര്‍പ്പണവും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ നടന്നു.