കുറവിലങ്ങാട് ദേവമാതാ കോളജിൽ ചിലന്തികളെക്കുറിച്ചുള്ള ഗവേഷണവും കൂടുതൽ വിപുലമാക്കി. ഇതിനായി കോളജിൽ ഗവേഷണ ലാബ് ആരംഭിച്ചു. കേന്ദ്രസർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ (ഡിഎസ്ടി) ധനസഹായത്തോടെയുള്ള ഗവേഷണ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
ലാബിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സുവോളജി വിഭാഗം മേധാവി ഡോ. പ്രിയ ജോസഫ്, പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. സുനിൽ ജോസ് എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ ചിലന്തികളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് കോളജിലെ ലാബിൽ തുടക്കമിടുന്നത്. പശ്ചിമഘട്ടത്തിലെ ചിലന്തി വൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിനാണ് പ്രാമുഖ്യം. ഡിഎൻഎ ബാർകോഡിംഗ് ഉപയോഗിച്ച് കേരളത്തിലെ ടറാന്റുല ചിലന്തികളുടെ ജനിതക വൈവിധ്യം പഠിക്കുന്നതിനായി പദ്ധതിയുടെ മുഖ്യ അന്വേഷകൻ ഡോ. സുനിൽ ജോസിന് ഡിഎസ്ടി 40 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി കോളജിലെ ജൈവവൈവിധ്യ മ്യൂസിയത്തിൽ പൊതുജനങ്ങൾക്കായി കേരളത്തിലെ ടറാന്റുല ഇനങ്ങളുടെ റഫറൻസ് ശേഖരം സ്ഥാപിക്കും.
ഈ പ്രാകൃത ചിലന്തികൾ വംശനാശ ഭീഷണിയിലാണ്. അടുത്തിടെയുണ്ടായ കേരളത്തിലെ വെള്ളപ്പൊക്കം അവയുടെ ആവാസവ്യവസ്ഥയെ വളരെയധികം തകർത്തു. യൂറോപ്പിലേക്കും അമേരിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നതിനായി വലിയ വലിപ്പത്തിലുള്ള പോസിലോതെരിയ, ഹാപ്ലോക്ലാസ്റ്റസ് എന്നിവ കേരളത്തിൽ നിന്ന് നിയമവിരുദ്ധമായി ശേഖരിക്കുന്നതും പഠനത്തിൽ ഉൾപ്പെടുത്തും.
ദേവമാത കോളജിന്റെ പേരിലുള്ള, വംശനാശഭീഷണി നേരിടുന്ന ടറാന്റുലസ് ഇനമാണ് ഹാപ്ലോക്ലാസ്റ്റസ് ദേവമാത. ഡോ. സുനിൽ ജോസാണ് 2014 ൽ ഈ ഇനം കണ്ടെത്തിയത്. 15 ലക്ഷം രൂപ വിലമതിക്കുന്ന ലൈക ഓട്ടോമന്റേജ് സ്റ്റീരിയോ മൈക്രോസ്കോപ്പ് വാങ്ങുന്നതാണ് പദ്ധതിയുടെ ശ്രദ്ധേയമായ സവിശേഷത. കേരളത്തിലെ ഏതാനും ഗവേഷണ കേന്ദ്രങ്ങളിൽ മാത്രമേ ഇത്തരം സ്റ്റീരിയോമൈക്രോസ്കോപ്പ് ഉള്ളൂ.
ഡോ. സുനിൽ ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ രശ്മി ശേഖർ, അനുസ്മിത ഡൊമിച്ചൻ, എസ്. അശ്വതി, കെ. കാർത്തിക തുടങ്ങിയ ഗവേഷകർ ഉൾപ്പെടുന്നു.