പാരന്പര്യവിശ്വാസങ്ങൾക്ക് ബലമേകി നോന്പിന്റെ ചൈതന്യത്തിൽ കുറവിലങ്ങാട് തീർഥാടന ദേവാലയം ഒരിക്കൽക്കൂടി കപ്പൽപ്രദക്ഷിണത്തിന് ആതിഥ്യമരുളും. യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിപ്പിക്കുന്ന കപ്പൽ പ്രദക്ഷിണം കടപ്പൂർ നിവാസികളുടെ പാരന്പര്യ അവകാശമായി നാളെ ഒന്നിന് ആരംഭിക്കും. അഞ്ഞൂറോളം പേരുടെ നേതൃത്വത്തിൽ നടക്കുന്ന കപ്പൽപ്രദക്ഷിണം ഇക്കുറി ആചാരമായി മാറും. കപ്പൽസംവഹിക്കാനെത്തുന്നവരുടെ എണ്ണത്തിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരുമണിക്കൂർ സമയം ഭക്തസാഗരത്തിലാണ് കപ്പലോടിയിരുന്നത്. ഇക്കുറി ചരിത്രത്തിൽ ആദ്യമായി ഭക്തജനങ്ങളുടെ സജീവസാന്നിധ്യത്തിന്റെ അഭാവവും ഉണ്ടാകും. നൂറ്റാണ്ടുകളുടെ പാരന്പര്യവുമായാണ് കടപ്പൂർകരക്കാർ കപ്പൽ സംവഹിക്കുന്നത്. പ്രദക്ഷിണത്തിൽ തിരുസ്വരൂപങ്ങൾ സംവഹിക്കുന്നത് കാളികാവ് കരക്കാരുടെ അവകാശമാണ്. ചൊവ്വാഴ്ച പ്രദക്ഷിണത്തിൽ കുടയെടുക്കുന്നത് മുട്ടുചിറ കണിവേലിൽ കുടുംബത്തിന്റെ പിൻമുറക്കാരാണ്.