കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പത്താംതീയതി തിരുനാളിനു അനുഗ്രഹം തേടി ഇന്നലെ ആയിരങ്ങൾ എത്തി.
വിശുദ്ധന്റെ തിരുസ്വരൂപം അലങ്കരിക്കുന്നത് കാളികാവ് കരക്കാരുടെ അവകാശമാണ്. അവർ പള്ളി വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ സാന്നിധ്യത്തിൽ വിശുദ്ധന്റെ തിരുസ്വരൂപം സ്വർണാഭരണങ്ങൾ ചാർത്തിയൊരുക്കിയിരുന്നു. വിശുദ്ധന്റെ ശരീരത്തിലേറ്റ അമ്പുകളും കാപ്പും തളയും മാലകളും സ്വർഗീയ കിരീടം ചൂടിയതിന്റെ പ്രതീകാത്മാകതയിൽ കിരീടവും അണിയിച്ചാണ് തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നത്.
വിശുദ്ധന്റെ തിരുശേഷിപ്പ് രൂപത്തിന്റെ ഹൃദയഭാഗത്ത് ഉള്ളടക്കം ചെയ്തിരിക്കുന്നു. വിശുദ്ധന്റെ തിരുസ്വരൂപത്തിനൊപ്പം സ്വർണക്കുരിശും സ്വർണതിരിക്കാലുകളും പ്രതിഷ്ഠിക്കുന്നതും ഇവിടുത്തെ പാരമ്പര്യമാണ്. തിരുസ്വരൂപം പ്രതിഷ്ഠിക്കുന്നതു മുതൽ ചെറിയ പള്ളിയുടെ മോണ്ടളത്തിൽ ഓട്ടുവിളക്കുകളും പ്രകാശിച്ചിരിക്കും. വികാരി റവ.ഡോ. ജോസഫ് തടത്തിൽ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി.
പത്താം തീയതി തിരുനാളിൽ ചെറിയപള്ളിയിൽ നിന്നാരംഭിക്കുന്ന പ്രദക്ഷിണം വലിയ പള്ളിയിലെത്തി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തെ പ്രദക്ഷിണത്തിലേക്ക് ചേർക്കുന്നതു ഇവിടുത്തെ പ്രദക്ഷിണത്തിന്റെ പ്രത്യേകതയാണ്. മൂന്നു നോമ്പ് തിരുനാളിൽ തിരിച് വലിയ പള്ളിയിൽ നിന്നാരംഭിക്കുന്ന പ്രദക്ഷിണം ചെറിയപള്ളിയിലെത്തി വിശുദ്ധന്റെ തിരുസ്വരൂപം പ്രദക്ഷിണത്തിലേക്ക് ചേർക്കും.
തിരുനാളിന്റെ സമാപനദിനമായ ഇന്ന് 5.30നും 7 .00 നും 8.45 നും 11 .00 നും വിശുദ്ധ കുർബാന. 4 . 00 ന് സായാഹ്നനമസ്കാരം. 4.30ന് കടുത്തുരുത്തി ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് തിരുനാൾ കുർബാനയർപ്പിക്കും. 6 .00 ന് നെവോന, ലദീഞ്ഞ്, പ്രദക്ഷിണം.