കുറവിലങ്ങാട് മർത്തമറിയം ഫോറോനാ പള്ളിയിലെ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനും ഭക്തിനിർഭരമായ തുടക്കം. വൈദ്യുതദീപങ്ങളാൽ അലംകൃതമായിരുന്ന ദേവാലയത്തിൽ വർണ്ണവിളക്കുകൾ കൈകളിലേന്തിയ ഭക്തജങ്ങളോട് ചേർന്ന് പ്രകൃതിയും ഇന്നലെ കുറവിലങ്ങാട് പള്ളിയുടെ പച്ഛാത്തലത്തിൽ വർണ്ണ മഴവിൽ വിരിയിച്ചത് മനോഹരകാഴ്ചയായി.
എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് 178 മണിക്കൂർ നീളുന്ന അഖണ്ഡപ്രാർത്ഥനക്കും ഇന്നലെ തുടക്കമായി. എട്ടിന് ജനനതിരുന്നാളോടെ സമാപിക്കും. ഫോറോനാ വികാരി റവ. ഡോ. ജോസഫ് തടത്തിൽ രാവിലെ തിരുന്നാൾ കൊടിയേറ്റി.
എട്ടുനോമ്പിന്റെ ആദ്യദിവസമായിരുന്ന ഇന്നലെ വൈകുന്നേരം തിരുവനന്തപുരം മലങ്കര അതിരൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയൂസ് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
തിരുനാളിന്റെ ഓരോ ദിനവും പ്രത്യേക ദിനാചരണം നടത്തും. ഇന്നലെ കുമ്പസാരദിനമായിരുന്നു. . ഇന്ന് സമർപ്പിതരുടെ ദിനം, നാളെ കർഷകദിനം, നാലിന് സംഘടനാദിനം, അഞ്ചിന് വാഹന സമർപ്പണ ദിനം, ആറിന് കുടുംബ കൂട്ടായ്മ ദിനം, ഏഴിന് സമർപ്പണ ദിനം എന്നിങ്ങനെയാണ് ഓരോ ദിവസത്തെയും ആചരണം