178 മണിക്കൂർ നീളുന്ന അഖണ്ഡപ്രാർത്ഥന നാളെ തുടങ്ങും

Spread the love

അഭിഷേകാഗ്നി കൺവെൻഷനിലൂടെ നേടിയ പുത്തൻ ആത്മീയതയോടെ നാളെമുതൽ ഇടവകജനം എട്ടുനോമ്പ് ആചാരണത്തിലേക്കും എട്ടാം തീയതി പരിശുദ്ധ അമ്മയുടെ ജനനതിരുന്നാൾ ആഘോഷങ്ങളിലേക്കും കടക്കും.

കുറിവലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് 178 മണിക്കൂർ നീളുന്ന അഖണ്ഡപ്രാർത്ഥന നാളെ തുടങ്ങും. തിരുനാളിന്റെ ആദ്യദിനമായ നാളെ തുറക്കുന്ന ദേവാലയം 8നു നോമ്പ് വീടലോടെ മാത്രം അടയ്ക്കുന്ന രീതിയിലാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം കരുണയുടെ കവാടം തുറന്നിരുന്നതിനാൽ ദൈവാലയമടയ്ക്കാതെ ഇടവകജനവും മുത്തിയമ്മ ഭക്തരും അഖണ്ഡപ്രാർത്ഥന നടത്തിയിരുന്നു.
ഇടവകയിലെ 81 കുടുംബകൂട്ടായ്മകളും ഭക്തസംഘടനകളും സന്യാസിനി സമൂഹങ്ങളുമാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത്.

നോമ്പിന്റെ ആദ്യദിനമായ നാളെ മാസാദ്യവെള്ളി ആണെന്നതിനാൽ മുത്തിയമ്മയുടെ സവിധം ഭക്തസാഗരമായി മാറും.

നാളെ സെപ്റ്റംബർ ഒന്നിന് രാവിലെ 7.20ന് വികാരി റവ.ഡോ. ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റും. പുലർച്ചെ 4.30 മുതൽ രാത്രി എട്ടുവരെ തുടർച്ചയായി ഓരോ മണിക്കൂറും ഇടവിട്ട് വിശുദ്ധ കുർബാനയുണ്ട്.

നോമ്പിന്റെ ദിവസങ്ങളിളെല്ലാം രാവിലെ 5.30നും 7.00നും വിശുദ്ധ കുർബന. വൈകുന്നേരം 4.50ന് ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥന നടക്കും. നാലിന് വിശുദ്ധ കുർബാനയും തിരുവചനസന്ദേശവും. 6.30ന് മുത്തിയമ്മയുടെ നൊവേനയും ജപമാല-മെഴുകുതിരി പ്രദക്ഷിണവും. 7.30ന് നേർച്ചവിതരണം.

ആദ്യദിവസമായ നാളെ വൈകുന്നേരം 5.00ന് തിരുവനന്തപുരം മലങ്കര അതിരൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയൂസ് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.

തുടർന്നുള്ള ദിവസങ്ങളിൽ കോതനെല്ലൂർ ഫൊറോന വികാരി റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, പാലാ രൂപതാധ്യക്ഷൻ മാർ ജേക്കബ് മുരിക്കൻ, താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനി, തലയോലപറമ്പ് ഫൊറോന വികാരി ഫാ. ജോണ് പുതുവ, അതിരമ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.

മാതാവിന്റെ ജനനതിരുനാൾ ദിനമായ എട്ടാംതീയതി രാവിലെ 9.30ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ തിരുനാൾ കുർബാനയർപ്പിക്കും. 11ന് മേരിനാമധാരി സംഗമം. 11.30ന് ജപമാലപ്രദക്ഷിണം.

തിരുനാൾ ദിനങ്ങളിൽ മുത്തിയമ്മയുടെ മധ്യസ്ഥം തേടി മുടി, വ്യാകുലം എന്നിവ എഴുന്നള്ളിക്കുന്നതിനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. വെഞ്ചരിച്ച എണ്ണയും തിരിയും നേർച്ചയപ്പവും വിശ്വാസികൾക്ക് ലഭ്യമാണ്. നോമ്പിന്റെ എല്ലാദിനവും ഉച്ചയ്ക്ക് നേർച്ചക്കഞ്ഞി ഉണ്ടായിരിക്കും.

നോമ്പാചരണവും തിരുനാളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തീകരിച്ചതായി ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരിയും ജനറൽ കണ്വീനറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ അറിയിച്ചു.

സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ, സെപ്ഷ്യൽ കണ്ഫെസർ ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ, യോഗപ്രതിനിധികൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്