കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു് , കുറവിലങ്ങാട് അഭിഷേകാഗ്നി കൺവൻഷൻ മൈതാനത്തേയ്ക്ക് പതിനായിരങ്ങൾ ഒഴുകിയെത്തിയ ദിനത്തിൽ കുറവിലങ്ങാടിനെ ധന്യമാക്കി വചനവിരുന്നിനു തുടക്കമായി. അരലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ള പടുകൂറ്റൻ പന്തൽ നിറഞ്ഞുകവിഞ്ഞ സദസിനെ സാക്ഷിയാക്കി അഭിഷേകാഗ്നി കൺവൻഷനു തിരിതെളിഞ്ഞു. പാരിഷ്ഹാളും വലിയ പള്ളിയും പള്ളിയങ്കണവും നിറഞ്ഞ വിശ്വാസികൾ പള്ളിറോഡിൽവരെ നിറഞ്ഞുകവിഞ്ഞു.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കണ്വൻഷൻ ഉദ്ഘാടനംചെയ്തു. വികാരി റവ. ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ പ്രസംഗിച്ചു.
ഭാരതത്തിലെ സുറിയാനി പാരമ്പര്യത്തിന്റെ കേന്ദ്രമാണ് കുറവിലങ്ങാടെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. അഭിഷേകാഗ്നി കണ്‍വൻഷന്റെ ഉദ്ഘാടനം നിർവഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. കുറവിലങ്ങാടിന്റെ ചരിത്രവും പാരമ്പര്യവും വിശ്വാസ പൈതൃകവും അറിയാത്തവരായി ആരുമുണ്ടാകില്ലെന്നും ബിഷപ് പറഞ്ഞു. ദൈവവചനം വെളിച്ചമാണ്. തിരുവചനം കേൾക്കാനും ജീവിതത്തിൽ പകർത്താനുമുള്ള വലിയ വേദിയാണ് കണ്‍വൻഷനെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ആദ്യദിനമായിരുന്ന ഇന്നലെ കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകി. കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന സഹവികാരി ഫാ. ജോർജ് എട്ടുപറയിൽ, ഫാ. തോമസ് ഇലവനാമുക്കട എന്നിവർ സഹകാർമികരായി.
വചനശ്രവണത്തിലൂടെ ഹൃദയങ്ങളെ ഉജ്ജ്വലിപ്പിക്കാനും ഉത്ഥാനത്തിന്റെ അനുഭവം നേടാനും കഴിയണമെന്ന് കണ്‍വൻഷന്റെ ആദ്യദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകിയ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. ദൈവത്തെ കണ്ടുമുട്ടുന്ന അനുഭവത്തിലൂടെ സന്തോഷം അനുഭവിക്കാൻ കഴിയുന്ന ദിനമായിരിക്കണം കണ്വൻഷൻറെതെന്നും ബിഷപ് പറഞ്ഞു. അപ്പസ്തോലിക അനുഭവത്തിലേക്കുള്ള തിരിച്ചുനടപ്പാണ് ആവശ്യം. അപരന്റെ സങ്കടങ്ങളിലേക്ക് ഹൃദയം തുറക്കുന്ന കാരുണ്യമാണ് കാലഘട്ടത്തിന്റെ ആവശ്യം. ജീവിതത്തിൽ ദൈവത്തിനായി ദാഹിക്കുകയും ദൈവത്തെ കണ്ടുമുട്ടുകയും ചെയ്യണമെന്നും മാർ പുളിക്കൽ പറഞ്ഞു.
ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, സഹവികാരിയും ജനറൽ കണ്‍വീനറുമായ ഫാ. മാത്യു വെങ്ങാലൂർ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ദിവസവും വൈകുന്നേരം നാലിനു വിശുദ്ധ കുർബാനയോടെയാണു കണ്വൻഷൻ ആരംഭിക്കുന്നത്. ഇന്നു പാലാ രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് മലേപറമ്പിൽ വിശുദ്ധ കുർബാനയർപ്പിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ പാലാ രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസഫ് കൊല്ലംപറമ്പിൽ, മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. കണ്വൻഷന് ശേഷം കെഎസ്ആർടിസിയും സ്വകാര്യ ബസുകളും വിവിധ സ്ഥലങ്ങളിലേക്കു പ്രത്യേക സർവീസ് നടത്തുന്നുണ്ട്.
ഇന്നു മുതൽ എല്ലാദിവസവും രാവിലെ 9.00 മുതൽ 3.30 വരെ പാരിഷ്ഹാളിൽ കൗണ്‍സലിംഗിനും രാവിലെ 10 മുതൽ 4.00 വരെ വലിയ പള്ളിയിയിൽ കുമ്പസാരത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്.