അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന രണ്ടാമത് കുറവിലങ്ങാട് അഭിഷേകാഗ്നി കണ്വൻഷന് ഇന്നു തുടക്കം.
സായാഹ്നങ്ങളെ ഭക്തിസാന്ദ്രമാക്കി വചനം പെയ്തിറങ്ങുന്ന അഞ്ചു ദിനങ്ങൾക്കു പിന്നാലെ എട്ടുനോമ്പിന്റെ വിശുദ്ധികൂടി എത്തുന്നതോടെ 13 ദിവസം ആത്മീയതയുടെ വലിയ ആഘോഷമാകും. വിശുദ്ധ കുർബാനയും വചനവ്യാഖ്യാനവും ആരാധനയും സമ്മേളിക്കുന്ന അഞ്ച് മണിക്കൂറുകളാകും ഓരോ ദിനവും ഉണ്ടാവുക.
എല്ലാദിവസവും വൈകുന്നേരം 4.00 ന് വിശുദ്ധ കുർബാനയോടെയാണ് കൺവഷന് തുടക്കം. 9.00 ന് സമാപിക്കും. എല്ലാദിനവും ഫാ. സേവ്യർ ഖാൻ വട്ടായിലാണ് കണ്‍വൻഷനു നേതൃത്വം നൽകുന്നത്. നാളെമുതൽ ദിവസവും രാവിലെ 9.00 മുതൽ വൈകുന്നേരം 3.30 വരെ കൗണ്‍സലിംഗിനും കുമ്പസാരത്തിനും അവസരമുണ്ട്. മാർത്തോമ്മാ നസ്രാണിഭവനിലാണ് കൗണ്‍സലിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
അഭിഷേകാഗ്നി കണ്‍വൻഷനിലെത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. വീടുകളോട് ചേർന്നുള്ള സ്വകാര്യ പാർക്കിംഗ് സൗകര്യത്തിനൊപ്പം പത്ത് പൊതുപാർക്കിംഗ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ദേവമാതാ കോളജ് കാമ്പസ്, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ബോയ്സ് ഹൈസ്കൂൾ , ഗേൾസ് ഹൈസ്കൂൾ , ബോയ്സ് എൽപി, ഗേൾസ് എൽപി സ്കൂളുകളുടെ മൈതാനം, ഔഗേൻ നഗർ, കോളജ് ജംഗ്ഷനിനുള്ള സ്വകാര്യ സ്ഥലം, മിനിഹാളിന് സമീപമുള്ള പാർക്കിംഗ് കേന്ദ്രം, പള്ളിമേടയുടെ സമീപമുള്ള പാർക്കിംഗ് കേന്ദ്രം എന്നിവിടങ്ങളിലാണ് പ്രധാനമായും പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
അഭിഷേകാഗ്നി കണ്വൻഷന് ഇന്നു തുടക്കമാകുമ്പോൾ ഇടവക ഇന്നുമുതൽ വേറിട്ട മാതൃകയാകും. കണ്‍വൻഷനു ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവരുടെ സൗകര്യാർഥവും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി കണ്വൻഷൻ നഗറിലേക്ക് എത്താൻ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ചാണ് ഇടവകജനം കണ്വൻഷൻ നഗറിലെത്തുക.
രോഗികളായിട്ടുള്ളവർ സ്വകാര്യ വാഹനങ്ങൾ യാത്രയ്ക്ക് പ്രയോജനപ്പെടുത്തിയാൽ അയൽവാസികളടക്കമുള്ളവരെ ഉൾപ്പെടുത്തി വാഹനം നിറയെ യാത്രക്കാരുമായി എത്തുകയെന്ന തീരുമാനവും ഇടവക സ്വീകരിച്ചിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഇരുചക്രവാഹനങ്ങൾക്ക് മുൻഗണന നൽകാനും തീരുമാനമുണ്ട്. ഇടവകയുടെ വിവിധ പ്രദേശങ്ങളിലേക്ക് ഉൾപ്പെടെ മതിയായ രീതിയിൽ ബസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. 21 റൂട്ടുകളിലേക്കാണ് ബസ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
അഭിഷേകാഗ്നി കണ്‍വൻഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജനപ്രതിനിധി – ഉദ്യോഗസ്ഥതലത്തിൽ ഇന്നലെ എല്ലാം സജ്ജമെന്ന് യോഗം വിലയിരുത്തി. മോൻസ് ജോസഫ് എംഎൽഎയാണ് യോഗം വിളിച്ചുചേർത്തത്.
കോട്ടയം, പാലാ, വൈക്കം, തൊടുപുഴ, കൂത്താട്ടുകുളം, പിറവം എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക സർവീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചു. 50 അംഗ ടീമിന്റെ സേവനം പോലീസ് ഉറപ്പാക്കി. എയ്ഡ് പോസ്റ്റും പ്രവർത്തിക്കും.
കണ്വൻഷൻ അവസാനിക്കുന്ന രാത്രി ഒൻപതിന് എംസി റോഡിൽ തെക്ക് നിന്നെത്തുന്ന വാഹനങ്ങൾ കെ.ആർ. നാരായണൻ ബൈപ്പാസ് വഴി തിരിച്ചുവിട്ട് സെൻട്രൽ ജംഗ്ഷനിലെത്തിച്ച് യാത്രനടത്തുമെന്ന് പോലീസ് അറിയിച്ചു.
യാചകരെ നിരോധിക്കാൻ പഞ്ചായത്തും പോലീസും ചേർന്ന് പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.
വഴിവിളക്കുകൾ ടൗണ്‍ പ്രദേശത്ത് പൂർണ്ണമായി പ്രകാശിപ്പിച്ചിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അറിയിച്ചു. കെഎസ്ഇബിയും പൊതുമരാമത്തും മതിയായ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുള്ളതായി യോഗത്തിൽ അറിയിച്ചു. പള്ളിക്കവലയിൽ അപകടമൊഴിവാക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിലെ സാങ്കേതികവശം പരിശോധിക്കാമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ, കണ്വൻഷൻ ജനറൽ കണ്‍വീനർ ഫാ. മാത്യു വെങ്ങാലൂർ എന്നിവർ ഇടവകതലത്തിൽ നടത്തിയിട്ടുള്ള ക്രമീകരങ്ങൾ വിശദീകരിച്ചു.