നൂറ്റിയിരുപത്തിയഞ്ചു വർഷം മുന്പ് ആംഗലേയ വിദ്യാഭ്യാസത്തിന് തുടക്കമിട്ട മാണിക്കത്തനാർക്ക് പുതുതലമുറയുടെ ഗുരുദക്ഷിണ കണക്കെ ഡോക്കുമെന്ററി. മാണിക്കത്തനാർ തുടക്കമിട്ട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് വർത്തമാനകാലതലമുറ ആശയവിനിമയത്തിന്റെ പുത്തൻ സാധ്യതകളിൽ ഗുരുപൂജ നടത്തുന്നത്.
ബഹുമുഖപ്രതിഭയായ നിധീരിക്കൽ മാണിക്കത്തനാരുടെ ചരമദിനത്തിലാണ് ‘’മാണിക്കത്തനാർ – മലയാളത്തിന്റെ മാണിക്യം’’ എന്ന പേരിലുള്ള ഡോക്കുമെന്ററിക്ക് തുടക്കമിട്ടത്.
കുറവിലങ്ങാട് പള്ളിയുടെ പടിപ്പുരമാളികയിലും വാദ്യപ്പുരയിലുമായാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. ഇതേ പടിപ്പുരമാളികയുടെ ഇപ്പോഴത്തെ സ്ഥാനത്താണ് ഡോക്കുമെന്ററിയുടെ ചിത്രീകരണത്തിന് ആരംഭമിട്ടത്.
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഐടി ക്ലബായ ലിറ്റിൽ കൈറ്റ്സാണ് ഡോക്കുമെന്ററി നിർമാണത്തിന് നേതൃത്വം നൽകുന്നത്. ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ഈ ഡോക്കുമെന്ററി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലാണ് തയാറാക്കുന്നത്.
ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്കർമം നിർവഹിച്ചു. കുറവിലങ്ങാട്, കോഴാ നിധീരിക്കൽ മാണിക്കത്തനാർ ഭവനം, മാന്നാനം, പാലാ, കോട്ടയം, നിരണം എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ഒരു മാസത്തിനുള്ളിൽ ചിത്രീകരണം പൂർത്തീകരിക്കാനാണ് തീരുമാനം.